കോയമ്പത്തൂർ കാർ സ്‌ഫോടനം: എൻ.ഐ.എ എഫ്.ഐ.ആർ സമർപ്പിച്ചു
text_fieldsകോയമ്പത്തൂർ: ഉക്കടം കാർ സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) ഫയൽ ചെയ്തു. സി.ആർ.പി.സി 174 (അസ്വാഭാവിക സാഹചര്യത്തിൽ സംഭവിച്ച മരണം), 1908 ലെ സ്‌ഫോടകവസ്തു നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ നിന്ന് ലഭിച്ച കണ്ടെത്തലുകളും സ്‌ഫോടനം നടന്ന ഉക്കടം കോൈട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിലെ പൂജാരി എസ്. സുന്ദരേശന്‍റെ പരാതിയിലെ വിവരങ്ങളും ഇതിലുൾപ്പെടും. കേസിന്‍റെ നടപടിക്രമങ്ങളും വിചാരണയും ചെന്നൈ പൂന്ദമല്ലി പ്രത്യേക കോടതിയിലാണ് നടക്കുക. അറസ്റ്റിലായ ആറുപ്രതികളുടെ പക്കൽനിന്ന് 109 തൊണ്ടി സാധനങ്ങളാണ് പിടികൂടിയതെന്ന് പൊലീസിന്‍റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
എൻ.ഐ.എയുടെ അന്വേഷണത്തിന് ഇൻസ്പെക്ടർ വിഘ്നേഷിനെ പ്രത്യേക ഓഫിസറായി നിയോഗിച്ചു. കാർ സ്ഫോടനക്കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെ വീടുകളിലും പൊലീസ് വീണ്ടും പരിശോധന നടത്തി. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിക്കുശേഷം അറസ്റ്റിലായ ഉക്കടം സ്വദേശികളായ മുഹമ്മദ് താഹ(25), മുഹമ്മദ് അസറുദീൻ (25), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ (27) എന്നിവരെ വെള്ളിയാഴ്ച വൈകീട്ട് കോയമ്പത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലടച്ചു.
അതിനിടെ പൊലീസ് അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏർവാടിയിലേക്കും നീങ്ങി. ഏർവാടി കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനക്ക് സംഭവമായി ബന്ധമുണ്ടോയെന്ന സംശയമാണിതിന് കാരണമായത്. സംഘടനയുടെ ലഘുലേഖകളും മറ്റും ഇതിനകം അറസ്റ്റിലായ പ്രതികളുടെ വീടുകളിൽനിന്നും കണ്ടെടുത്ത സാഹചര്യത്തിലാണിത്. പേരവൈയുടെ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.