കോയമ്പത്തൂർ സെൻട്രൽ ജയിലിൽ മുസ്ലിം തടവുകാരോട് വിവേചനമെന്ന്
text_fieldsചെന്നൈ: കോയമ്പത്തൂർ സെൻട്രൽ ജയിലിൽ മുസ്ലിം തടവുകാരോട് അധികൃതർ കടുത്ത വിവേചനം പുലർത്തുന്നതായി ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ ജയിൽ ഡയറക്ടർ ജനറലിന് രേഖാമൂലം പരാതി നൽകി. കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പര കേസിൽ ശിക്ഷിക്കപ്പെട്ട നൂറോളം പ്രതികൾ ഇപ്പോഴും തടവിലാണ്. ഇവർക്ക് പുറമെ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരായും റിമാൻഡിലും നിരവധി മുസ്ലിം തടവുകാരാണുള്ളത്. മറ്റു തടവുകാർക്ക് നൽകുന്ന സൗകര്യങ്ങൾ ലഭ്യമാവുന്നില്ലെന്നാണ് പരാതിയിലുള്ളത്.
മറ്റു തടവുകാരുടെ കുടുംബാംഗങ്ങളുമായി 30 മിനിറ്റ് സംസാരിക്കാൻ അനുവദിക്കുമ്പോൾ മുസ്ലിം തടവുകാർക്ക് 10 മിനിറ്റ് മാത്രമാണ് നൽകുന്നത്. മറ്റ് തടവുകാർക്ക് കുടുംബാംഗങ്ങളുമായി ഒരാഴ്ചയിൽ രണ്ട് ഫോൺ കാൾ വിളിക്കാൻ സൗകര്യമുള്ളപ്പോൾ മുസ്ലിം തടവുകാർക്ക് ഒരു ഫോൺ കാൾ മാത്രമേ അനുവദിക്കുന്നുള്ളൂ. ബാഡ്മിന്റൺ, വോളിബാൾ തുടങ്ങിയ കായിക വിനോദങ്ങൾ മുസ്ലിം തടവുകാർക്ക് നിഷേധിക്കപ്പെടുന്നതിന് പുറമെ പുസ്തകങ്ങളും നോട്ട് ബുക്കുകളും നൽകുന്നില്ല.
നല്ലനടപ്പ് കണക്കിലെടുത്ത് ജയിൽമോചിതരാക്കുന്ന തടവുകാരെ തെരഞ്ഞെടുക്കുന്നതിലും കടുത്ത വിവേചനമാണ് പുലർത്തുന്നത്. ജയിലിലെ മുഴുവൻ തടവുകാർക്കും തുല്യ പരിഗണന ലഭ്യമാക്കണമെന്നാണ് ആവശ്യം. അതേസമയം, ജയിലിൽ മതപരമായ വിവേചനം നിലനിൽക്കുന്നുണ്ടെന്ന ആരോപണം കോയമ്പത്തൂർ ജയിലധികൃതർ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.