‘ഒരു ഓപറേഷന് പോകുകയാണ്...’ -നൊമ്പരമായി കേണൽ മൻപ്രീതിന്റെ അവസാന വാക്കുകൾ
text_fieldsപഞ്ച്കുള: പതിവ് പോലെ ഭർത്താവ് കേണൽ മൻപ്രീത് സിങ്ങിനെ ഫോൺ വിളിച്ചതായിരുന്നു പഞ്ച്കുള മോർണി ഹിൽസ് ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ ഇക്കണോമിക്‌സ് ലക്ചററായ ജഗ്മീത് കൗർ. ‘അഭി ഓപറേഷൻ മേ ജാ രഹാ ഹു (ഞാൻ ഇപ്പോൾ ഒരു ഓപറേഷന് -സൈനിക നീക്കത്തിന്- പുറപ്പെടുകയാണ്) " എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബുധനാഴ്ച പുലർച്ചെ പ്രിയതമൻ പറഞ്ഞത് അദ്ദേഹത്തിന്റെ അവസാന വാക്കുകളായിരിക്കുമെന്ന് ജഗ്മീത് നിനച്ചിരുന്നില്ല.
എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം കേട്ടത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. കശ്മീരിലെ അനന്ത്നാഗിന് സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഭർത്താവിന് മാരകമായി പരിക്കേറ്റുതായി അവർ അറിഞ്ഞു. പിന്നാലെ മരണവിവരം ബന്ധുക്കൾ അറിഞ്ഞെങ്കിലും ജഗ്മീതിൽ നിന്ന് മറച്ചുവെച്ചു. പിറ്റേന്ന് രാവിലെയാണ് അവരെ ഇക്കാര്യം അറിയിച്ചത്.
19 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫിസറായ കേണൽ മൻപ്രീത് മുന്നിൽ നിന്ന് നയിച്ച് നടത്തിയ ഓപറേഷനിലാണ് ഭീകരർ അദ്ദേഹത്തെയും കമ്പനി കമാൻഡർ മേജർ ആശിഷ് ധോഞ്ചക്, കശ്മീർ പോലീസ് ഡി.എസ്.പി ഹുമയൂൺ മുസമ്മിൽ ഭട്ട് എന്നിവരെയും കൊലപ്പെടുത്തിയത്. ഇവർക്കൊപ്പം പരിക്കേറ്റ മറ്റൊരു സൈനികൻ കൂടി ഇന്ന് മരണത്തിന് കീഴടങ്ങി.
മരുമകന്റെ മരണവാർത്ത 75 കാരനായ ജഗ്‌ദേവ് സിങ് ഗ്രെവാൾ ബുധനാഴ്ച തന്നെ അറിഞ്ഞിരുന്നു. മൻപ്രീതിന്റെ പറക്കമുറ്റാത്ത ആറുവയസ്സുള്ള മകൻ കബീർ സിങ്, രണ്ടുവയസ്സുള്ള മകൾ ബന്നി കൗർ എന്നിവർ ഇനിയും പിതാവിന്റെ മരണ വാർത്ത ഉൾക്കൊണ്ടിട്ടില്ല. "2016ലാണ് എന്റെ സഹോദരി വിവാഹിതയായത്. മൻപ്രീത് മൂന്ന് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഞാൻ രണ്ടു ദിവസം കൂടുമ്പോൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു ധീരനായിരുന്നു. മക്കൾ ഇപ്പോഴും അച്ഛന്റെ മരണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല’ -കേണൽ മൻപ്രീതിന്റെ ഭാര്യാസഹോദരൻ രാഹുൽ ഗ്രെവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.