ഇതു സിനിമ സ്റ്റൈൽ കൊലപാതകാസൂത്രണം; പകച്ച് ജയിൽ അധികൃതർ
text_fieldsന്യൂഡൽഹി: ആറു വർഷം മുമ്പ് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ തിഹാർ ജയിലിൽ സഹോദരൻ കുത്തിക്കൊന്ന സംഭവം സിനിമയെ വെല്ലുന്ന ആസൂത്രണത്തിനൊടുവിൽ.
ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള തിഹാർ ജയിലിലെ അധികൃതരുടെ കണ്ണുവെട്ടിച്ച് വൈരാഗ്യം തീർത്ത പ്രതി കൃത്യം നിർവഹിച്ചതെങ്ങനെയെന്നാണ് ജയിൽ വകുപ്പിലെ ഉന്നത തലത്തിലുള്ളവർ തലപുകഞ്ഞ് ആലോചിക്കുന്നത്.
സംഭവത്തിൽ ജയിൽ സുരക്ഷ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ വിവിധ സെല്ലുകളിലേക്ക് മാറ്റുേമ്പാഴുള്ള മാനദണ്ഡങ്ങൾ പുനപരിശോധിക്കാനും ഒരുങ്ങുകയാണ് പൊലീസും ജയിൽ അധികൃതരും.
ചുരുളഴിച്ചത് ചോദ്യംചെയ്യലിൽ
ബുധനാഴ്ചയാണ് 21 കാരനായ സാക്കിർ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുവഭവിച്ചു വന്ന മുഹമ്മദ് മെഹ്താബിനെ(27) തിഹാർ ജയിലിൽ കുത്തിക്കൊന്നത്.
സാധാരണ സംഭവിക്കുന്നപോലെ പ്രതികളുടെ തമ്മിലടിയിൽ നടന്ന മരണമെന്ന് അധികൃതർ ആദ്യം കരുതിയെങ്കിലും പിന്നീടാണ് സംഭവത്തിനു പിന്നിലെ ചുരുളഴിയുന്നത്.
ജയിൽ വാർഡന്മാരുടെ കണ്ണിൽ പെടാതെ സൂക്ഷിച്ച ഇരുമ്പ് ദണ്ഡുകൊണ്ട് മെഹ്താബിെൻറ വയറിനും കഴുത്തിനും കുത്തിയാണ് സാക്കിർ കൃത്യം നിർവഹിക്കുന്നത്. മറ്റു തടവുകാർ ശബ്ദമുണ്ടാക്കിയതോടെ ഓടിയെത്തിയ ജയിൽ അധികൃതർ ചികിത്സ നൽകിയെങ്കിലും ആഴത്തിലേറ്റ മുറിവുകാരണം പെട്ടെന്ന് മരണം സംഭവിച്ചു.
വൈരാഗ്യം മനസിൽ സൂക്ഷിച്ചത് വർഷങ്ങളോളം
2014ലാണ് സാകിറിെൻറ പ്രായപൂർത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്സംഗം ചെയ്തത്. പെൺകുട്ടി ഇതിനു പിന്നാലെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
സ്വന്തം സഹോദരിയുടെ മരണത്തിന് കാരണമായ പ്രതിക്ക് പക്ഷേ, ബലാത്സംഗത്തിനുള്ള ശിക്ഷമാത്രമാണ് ലഭിച്ചത്. അന്നു തൊട്ടെ പ്രതിയോടുള്ള വൈരാഗ്യം സാക്കിർ മനസിൽ സൂക്ഷിച്ചു. ജയിൽ നടപടിക്രമങ്ങളും ശിക്ഷാ രീതികളും പഠിച്ചു മനസിലാക്കിയ സാക്കിർ തക്ക സമയത്തിനായി ഒരുങ്ങി.
പ്രായപൂർത്തിയായാൽ മാത്രമെ തിഹാർ ജയിലിലേക്കെത്തൂവെന്ന് മനസിലാക്കിയ സാക്കിർ അതിനായി കാത്തു നിന്നു. ഒടുവിൽ, 2018ലാണ് ജയിലിലേക്ക് എത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. നഗരത്തിൽ ഒരാളുടെ അടിച്ചു വീഴ്ത്തി പണം അപഹരിക്കാൻ ശ്രമിച്ചതിന് സാക്കിർ പിടിയിലായി. വിചാരണക്കൊടുവിൽ തിഹാർ ജയിലെത്തി.
ആസൂത്രണങ്ങൾ പലത്
തിഹാർ ജയിലിലെത്തിയതിനു പിന്നാലെ തെൻറ ലക്ഷ്യത്തിലേക്കടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. അതിന് മാസങ്ങളോളം കാത്തിരുന്നു. അഞ്ചാം നമ്പർ സെല്ലിലായിരുന്നു സാക്കിർ. മെഹ്താബ് ആകട്ടെ എട്ടാം നമ്പർ സെല്ലിലും. കാര്യങ്ങൾ നിരീക്ഷിച്ച് കുറച്ച് ദിവസങ്ങൾക്കകം സ്വന്തം സെല്ലിലെ സഹതടവുകാരനുമായി സാക്കിർ വഴക്കിട്ട് സ്വയം മുറിവേൽപിച്ചു. ഇതോടെ ജയിൽ വാഡൻ ഇടപെട്ട് സാക്കിറിനെ എട്ടാം നമ്പർ സെല്ലിലേക്ക് മാറ്റി. തെൻറ ഉദ്ദേശം ഒട്ടും പുറത്തു കാണിക്കാതെ മെഹ്താബിനൊപ്പം സാക്കിർ ദിവസങ്ങളോളം കഴിഞ്ഞു.
പിന്നീട് വക വരുത്താൻ ആയുധത്തിനായുള്ള അന്വേഷണമായിരുന്നു. പാചകപ്പുരയിൽ നിന്നോ മറ്റോ വൈകാതെ ഒരു ഇരുമ്പ് ദണ്ഡും ഒപ്പിച്ചു. ജയിലർമാരുടെ ഇൻസ്പെക്ഷനിൽ പെടാതിരിക്കാൻ ആയുധം പലയിടങ്ങളിലായി ഒളിപ്പിച്ചു. ഒടുവിൽ പ്രാർഥന കഴിഞ്ഞു മടങ്ങുന്ന സമയത്ത് സെല്ലിലേക്ക് എത്തിയ ഉടനെ സാക്കിർ മെഹ്താബിനെ കുത്തിവീഴ്ത്തി. സാക്കിറിെൻറ ആസുത്രണം അറിഞ്ഞ സഹ തടവുകാരും ജയിൽ അധികൃതരും സംഭവം കേട്ട് പകച്ചുപോയി. തിഹാർ ജയിലിലെ അധികാരികൾക്ക് സാക്കിറിെൻറ നീക്കത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.