യുദ്ധവിമാനം സംരക്ഷിക്കാൻ പണപ്പിരിവ്: ബി.ജെ.പി നേതാവിനെതിരായ കേസ് തള്ളാൻ വിസമ്മതിച്ച് കോടതി
text_fieldsമുംബൈ: ഇന്ത്യൻ വ്യോമസേനയുടെ ആദ്യ യുദ്ധവിമാനമായ ഐ.എൻ.എസ് വിക്രാന്തിനെ സംരക്ഷിക്കാനെന്ന പേരിൽ പിരിച്ച പണം മുക്കിയ കേസിൽ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ കിരിത് സോമയ്യക്കും മകനുമെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. ആരോപണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് തള്ളിയ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.പി. ഷിൻഡെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
2013ൽ ഐ.എൻ.എസ് വിക്രാന്ത് പൊളിക്കാൻ തീരുമാനിച്ചപ്പോൾ 1971ലെ യുദ്ധസ്മരണക്കായി അത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് സോമയ്യ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പണപ്പിരിവ് നടത്തിയത്. പണം ഗവർണർക്ക് നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, യുദ്ധവിമാനം പൊളിക്കുകയും പണം ഗവർണറെ ഏൽപിച്ചിട്ടില്ലെന്ന് വിവരാവകാശത്തിലൂടെ അറിയുകയും ചെയ്ത വിമുക്തഭടന്റെ പരാതിയിലാണ് കേസ്.
ചർച്ച് ഗേറ്റിൽ ഒരു മണിക്കൂറിനുള്ളിൽ നടത്തിയ പണപ്പിരിവിൽ 10,000 രൂപയാണ് കിട്ടിയതെന്നും ആരോപിക്കപ്പെടുന്നത് പോലെ 57 കോടി രൂപ ലഭിക്കാൻ സാധ്യതയില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. മറ്റ് പ്രദേശങ്ങളിലും പിരിവ് നടത്തിയത് ചൂണ്ടിക്കാട്ടിയ കോടതി അവിടങ്ങളിലും അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.