കവരത്തിയിൽ അന്യായമായി പൊളിച്ച കെട്ടിടത്തിന് അനുമതി നൽകിയത് കലക്ടർ; നിയമനടപടിക്ക് പഞ്ചായത്ത്
text_fieldsകൊച്ചി: കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് വിവിധ പദ്ധതികൾക്കായി നിർമിച്ച കെട്ടിടം അന്യായമായി പൊളിച്ചതിൽ പ്രതിഷേധവും വിവാദവും കത്തുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിെൻറ ഏകപക്ഷീയ നടപടിയിൽ കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ദ്വീപ് പഞ്ചായത്ത് അറിയിച്ചു. പ്രത്യേക യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
അനുമതി വാങ്ങാതെയാണ് നിർമാണമെന്ന് ആരോപിച്ച്, മറുപടി നൽകാനുള്ള അവസരംപോലും നൽകാതെയാണ് കെട്ടിടം പൊളിച്ചത്. ഇന്ദിര ഗാന്ധി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം വാടകക്കെടുത്ത് നിർമിച്ച കെട്ടിടമാണ് കലക്ടറുടെ അനുമതിയോടെ പൊലീസിെൻറയും കേന്ദ്രസേനയുടെയും നേതൃത്വത്തിലെത്തി പൊളിച്ചത്. എന്നാൽ, ലക്ഷദ്വീപ് കലക്ടർ അസ്കർ അലി ചെയർമാനായ ജില്ല ആസൂത്രണ സമിതി കെട്ടിടത്തിന് അനുമതി നൽകിയിരുന്നുവെന്ന് പഞ്ചായത്ത് അംഗം നിസാമുദ്ദീൻ 'മാധ്യമ'ത്തോട് പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യനിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെട്ടിടം പൊളിച്ചതിനെക്കുറിച്ച് കലക്ടറോട് ചോദിച്ചപ്പോൾ ഒന്നും അറിയില്ലെന്ന മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മുകളിൽനിന്ന് ലഭിച്ച നിർദേശം നടപ്പാക്കുകയാണ് താൻ ചെയ്തതെന്നായിരുന്നു വിശദീകരണം.
വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച സാമഗ്രികൾ കാണാതായിട്ടുണ്ടെന്ന് അവർ പറഞ്ഞു. 50 ലക്ഷം ചെലവിൽ ഫോർ വീലർ വർക്ഷോപ്, മറൈൻ ഡീസൽ എൻജിൻ വർക്ഷോപ്, കരകൗശല ഉൽപാദന -പരിശീലന കേന്ദ്രം എന്നിവ ആരംഭിക്കാനായിരുന്നു പദ്ധതി. ഇതിനായി എത്തിച്ച യന്ത്രങ്ങളും വെൽഡിങ് മെഷീനുമൊക്കെയാണ് കാണാതായത്.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിൽ ശക്തമായി പ്രതിഷേധിച്ച വില്ലേജ് പഞ്ചായത്തായതിനാലുള്ള പ്രതികാരനടപടിയായാണ് സംഭവത്തെ കാണുന്നതെന്നും അവർ പറഞ്ഞു. അനാവശ്യപ്രകോപനമുണ്ടാക്കി തങ്ങളെ കേസുകളിൽപെടുത്താനാണ് ഉദ്ദേശ്യമെന്ന് സംശയിക്കുന്നു. ഇന്ദിര ഗാന്ധി ആശുപത്രി സന്ദർശിക്കാനെത്തിയ അഡ്മിനിസ്ട്രേറ്റർ കെട്ടിടം കാണുകയും ഉടൻ പൊളിക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് വിവരം. നിർമാണത്തിെൻറ അനുമതിപത്രവും മറ്റു രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച യോഗം ചേർന്ന് മറുപടി നൽകാനിരിക്കെയാണ് ഏകപക്ഷീയ നടപടിയുണ്ടായത്.
35 ലക്ഷത്തോളം രൂപയുടെ നിർമാണം ഇവിടെ പൂർത്തിയായിരുന്നു. ഞായറാഴ്ച രാത്രി കെട്ടിടം പൊളിക്കുന്നത് തടയാനെത്തിയ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഖാദർ, മുൻ എം.പി ഹംദുല്ല സെയ്ത് തുടങ്ങിയവരെ തടയുകയും കൂടുതൽ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് സുരക്ഷയൊരുക്കാൻ പൊലീസിന് ഔദ്യോഗിക നോട്ടീസ് കൊടുത്തിട്ടില്ലെന്നും വാക്കാലുള്ള നിർദേശമാണ് ലഭിച്ചതെന്നുമാണ് വിവരം.
കെട്ടിടം പൊളിച്ചതിൽ പ്രതിഷേധം ശക്തം
കൊച്ചി: പഞ്ചായത്ത് നിർമിച്ച കെട്ടിടം അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടിയിൽ പൊളിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിെൻറ നേതൃത്വത്തിൽ പാർലമെൻറ് പരിസരത്തെ ഗാന്ധിപ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു. മുൻ എം.പി ഹംദുല്ല സെയ്ദിെൻറ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കലക്ടർ അസ്കർ അലിയെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചു.
കലക്ടർ, ഡെപ്യൂട്ടി കലക്ടർ, സബ് ഇൻസ്പെക്ടർ എന്നിവരുടെ ക്രിമിനൽ ഗൂഢാലോചന സംഭവത്തിന് പിന്നിൽ സംശയിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽഖാദർ പറഞ്ഞു. ഹൈകോടതിയിൽ കേസ് നൽകും. 15ന് ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടമാണ് അഡ്മിനിസ്ട്രേറ്ററുടെ നിർദേശപ്രകാരം പൊളിച്ചുനീക്കിയത്. അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.