ശിരോവസ്ത്ര വിവാദത്തിന്‍റെ മറവിൽ മുസ്ലിം വിദ്യാർഥികളുടെ വിവരം ശേഖരിക്കുന്നു
text_fieldsബംഗളൂരു: ശിരോവസ്ത്ര വിവാദത്തിന്‍റെ മറവിൽ കർണാടകയിലെ മുസ്ലിം വിദ്യാർഥികളുടെ വിവരം ബി.ജെ.പി സർക്കാർ ശേഖരിക്കുന്നു. സ്വകാര്യ- സർക്കാർ വിദ്യാലയങ്ങളിലെ മുസ്ലിം വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഹൈകോടതിയിൽ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം നടക്കുന്ന പശ്ചാത്തലത്തിൽ നിയമസഭയിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടാൽ നൽകാനാണ് വിവരശേഖരണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.
ശിരോവസ്ത്രം നിഷേധിക്കുന്നതിന്‍റെ പേരിൽ വിദ്യാലയങ്ങളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം മാധ്യമങ്ങളിൽ തെറ്റായാണ് വരുന്നതെന്നും അതുസംബന്ധിച്ച് വ്യക്തത വരുത്താനാണ് വിവരം ശേഖരിക്കുന്നതെന്നുമായിരുന്നു പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി. നാഗേഷിന്‍റെ പ്രതികരണം. ശിരോവസ്ത്ര വിവാദം യഥാർഥത്തിൽ എത്ര കുട്ടികളെയാണ് ബാധിച്ചതെന്നും എത്ര കുട്ടികൾ ക്ലാസിൽ ഹാജരാവുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ശിരോവസ്ത്ര സമരത്തിന്‍റെ പശ്ചാത്തലത്തിൽ മുസ്ലിം വിദ്യാർഥികളുടെ പ്രാതിനിധ്യം കണക്കാക്കി കോളജുകളെ സെൻസിറ്റിവ് മേഖലയിൽ ഉൾപ്പെടുത്തുന്നതിന് മുന്നോടിയായാണ് നടപടിയെന്നാണ് വിവരം.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ ശിരോവസ്ത്രത്തിന്‍റെ പേരിൽ സംസ്ഥാനത്തെ 14 വിദ്യാലയങ്ങളിലായി 162 വിദ്യാർഥികളെ വീട്ടിലേക്ക് മടക്കിയതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്.
ബിദറിൽ മാത്രം ഏഴു വിദ്യാലയങ്ങളിലായി 114 പേരെയും ശിവമൊഗ്ഗയിൽ മൂന്നു സ്ഥാപനങ്ങളിലായി 20 പേരെയും ചിത്രദുർഗയിൽ രണ്ട് സ്കൂളുകളിലായി 18 പേരെയും ചിക്കമഗളൂരുവിലെ ഒരു സ്കൂളിൽ എട്ടുപേരെയും ചിക്കബല്ലാപൂരിൽ രണ്ടുപേരെയും കാമ്പസിൽ കയറാൻ അനുവദിച്ചില്ലെന്നാണ് ഔദ്യോഗിക കണക്ക്.
അതേസമയം, വിദ്യാർഥി പ്രതിഷേധത്തെ ചുരുക്കിക്കാട്ടുന്നതാണ് സർക്കാർ കണക്ക്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശിരോവസ്ത്രത്തിന്‍റെ പേരിൽ വിദ്യാർഥികളെ കാമ്പസിൽ തടയുകയും പ്രതിഷേധം അരങ്ങേറുകയും ചെയ്യുമ്പോഴും പത്തോളം വിദ്യാലയങ്ങളിൽ മാത്രമാണ് പ്രതിഷേധമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്രതിഷേധത്തിന് തുടക്കം കുറിച്ച ഉഡുപ്പി ജില്ല കൂടാതെ, കുടക്, ഗദക്, തുമകുരു, ബെളഗാവി, വിജയപുര, ബെള്ളാരി, ഹാസൻ, മാണ്ഡ്യ, കലബുറഗി തുടങ്ങിയ ജില്ലകളിലെ പ്രതിഷേധമൊന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.