കോളജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡൽഹി സർവകലാശാലയിലെ കമല നെഹ്റു കോളജിലെ വിദ്യാർഥിനിയായ നർഗീസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇർഫാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ ഇർഫാനും നർഗീസും ബന്ധുക്കളാണ്. നർഗീസിനെ വിവാഹം ചെയ്യാൻ ഇർഫാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇത് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മാളവ്യ നഗറിലെ അരബിന്ദോ കോളജിന് സമീപം പെൺകുട്ടിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ആക്രമണത്തിനുപയോഗിച്ച വടിയും പൊലീസ് കണ്ടെത്തിയിരുന്നു. സുഹൃത്തുമൊത്ത് വിദ്യാർഥിനി പാർക്കിലെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടാകുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ ചന്ദൻ ചൗധരി പറഞ്ഞു. പെൺകുട്ടിയുടെ തലയിൽ മുറിവുകൾ കണ്ടെത്തിയതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി വനിത കമീഷൻ മേധാവി സ്വാതി മാലിവാൾ രംഗത്തെത്തി. ഡൽഹി സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സ്ഥലമായി മാറിക്കഴിഞ്ഞെന്നും വാർത്തകളിലെ പെൺകുട്ടികളുടെ പേരുകൾ മാത്രമാണ് മാറുന്നത് കുറ്റകൃത്യങ്ങളിൽ കുറവുണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.
"അടുത്തിടെ ഡൽഹിയിൽ വീടിന് മുമ്പിൽ വെച്ച് ഒരു പെൺകുട്ടിയെ ആക്രമികൾ വെടിവെച്ചുകൊലപ്പെടുത്തി. ഇപ്പോൾ മാളവ്യ നഗർ പോലൊരു പ്രദേശത്ത് ആക്രമികൾ പെൺകുട്ടിയെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. ഡൽഹി സ്ത്രീകൾക്ക് ജീവിക്കാൻ സുരക്ഷിതമല്ലാത്ത സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നു. പത്രങ്ങളിലും വാർത്തകളിലും വരുന്ന് പെൺകുട്ടികളുടെ പേരുകളിൽ മാത്രമാണ് മാറ്റം വരുന്നത്, കുറ്റകൃത്യങ്ങളുടെ എണ്ണത്തിലല്ല" - സ്വാതി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.