ശമ്പളമായി വാങ്ങിയ 24 ലക്ഷം തിരിച്ചുനൽകി കോളജ് അധ്യാപകൻ; കാരണം വിചിത്രം
text_fieldsപാറ്റ്ന: 33 മാസം ജോലി ചെയ്ത് ലഭിച്ച ശമ്പളമായ 23.8 ലക്ഷം രൂപ സർവകലാശാലക്ക് തിരിച്ചുനൽകാനുള്ള തീരുമാനവുമായി ബിഹാറിലെ കോളജ് അധ്യാപകൻ. ശമ്പളം തിരിച്ചുനൽകാനുള്ള കാരണമാണ് വിചിത്രം. ക്ലാസുകളിൽ വിദ്യാർഥികളെത്തുന്നില്ലെന്നും പഠിപ്പിക്കാതെയാണ് ശമ്പളം വാങ്ങുന്നതെന്നും മനസാക്ഷി ഇതിന് അനുവദിക്കുന്നില്ലെന്നും പറഞ്ഞാണ് മുസഫർപൂരിലെ നിതീശ്വർ കോളജിലെ ഹിന്ദി അധ്യാപകൻ ലാലൻ കുമാർ സർവകലാശാലക്ക് ചെക്ക് നൽകിയിരിക്കുന്നത്. ബി.ആർ. അംബേദ്കർ സർവകലാശാലക്ക് കീഴിലുള്ളതാണ് കോളജ്.
തനിക്ക് പഠിപ്പിക്കാൻ വിദ്യാർഥികളെത്തുന്നില്ലെന്നാണ് അധ്യാപകന്‍റെ പരാതി. 2019 സെപ്റ്റംബറിലാണ് ലാലൻ കുമാർ കോളജിൽ അധ്യാപകനായെത്തിയത്. പിന്നാലെ കോവിഡ് എത്തിയതോടെ ക്ലാസുകൾ തകിടംമറിഞ്ഞു. ഓൺലൈൻ ക്ലാസിൽ വിരലിലെണ്ണാവുന്ന വിദ്യാർഥികൾ മാത്രമാണ് പങ്കെടുക്കാറുണ്ടായിരുന്നത്. കോളജ് തുറന്നിട്ടും വിദ്യാർഥികൾ ക്ലാസിലെത്തുന്നില്ല. ഇങ്ങനെ പഠിപ്പിക്കാതെ ശമ്പളം വാങ്ങിയാൽ തന്‍റെ അക്കാദമിക ജീവിതത്തിന്‍റെ മരണമായിരിക്കും അതെന്ന് അധ്യാപകൻ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി ജെ.എൻ.യുവിൽ നിന്ന് പിഎച്ച്.ഡി നേടിയയാളാണ് അധ്യാപകനായ ലാലൻ കുമാർ. പി.ജി കോളജിൽ പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഡിഗ്രീ കോളജായ നിതീശ്വർ കോളജിലാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. തന്നെ പി.ജി കോളജിലേക്ക് സ്ഥലംമാറ്റണമെന്ന അഭ്യർഥന ഇദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
യോഗ്യതപരീക്ഷയിൽ താഴ്ന്ന റാങ്ക് ലഭിച്ചവർക്ക് പോലും പി.ജി കോളജുകൾ ലഭിച്ചപ്പോൾ തനിക്ക് ലഭിച്ചില്ലെന്ന് ലാലൻ കുമാർ പറയുന്നു. സ്ഥലംമാറ്റപ്പട്ടികയിൽ നിന്ന് പലതവണ തന്‍റെ പേര് വെട്ടിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധ ധർണ നടത്തുമെന്നും അധ്യാപകൻ പറയുന്നു.
എന്നാൽ, വിദ്യാർഥികൾ ക്ലാസുകളിലെത്തുന്നില്ലെന്ന ആരോപണവും ശമ്പളം തിരിച്ചു നൽകലും സ്ഥലംമാറ്റം നേടാനുള്ള അധ്യാപകന്‍റെ ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് കോളജ് പ്രിൻസിപ്പാൾ മനോജ് കുമാർ പറയുന്നത്. രണ്ട് വർഷമായി കോവിഡ് കാരണമാണ് ക്ലാസുകൾ കൃത്യമായി നടക്കാത്തത്. സ്ഥലംമാറ്റം വേണമെന്നാണെങ്കിൽ ലാലൻകുമാർ തന്നോട് നേരിട്ട് പറയുകയായിരുന്നു ചെയ്യേണ്ടതെന്നും പ്രിൻസിപ്പാൾ പറയുന്നു.
അതേസമയം, കോളജിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന അധ്യാപകന്‍റെ ആരോപണം ശ്രദ്ധയിൽ പെട്ടതായി സർവകലാശാല അധികൃതർ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കും. ശമ്പളം തിരികെ നൽകിക്കൊണ്ടുള്ള അധ്യാപകന്‍റെ ചെക്ക് സ്വീകരിച്ചിട്ടില്ലെന്നും സർവകലാശാല വൈസ് ചാൻസലർ ആർ.കെ. ഥാക്കൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.