കൊളീജിയം ശിപാർശ കേന്ദ്രം പിടിച്ചുവെക്കരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കൊളീജിയം ശിപാർശ ചെയ്ത ജഡ്ജിമാരെ നിയമിക്കാത്ത കേന്ദ്ര നടപടി സ്വീകാര്യമല്ലെന്ന് സുപ്രീംകോടതി. കൊളീജിയം ശിപാർശ നടപ്പാക്കാത്തതിന് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര നിയമമന്ത്രാലയത്തിന് നോട്ടീസ് അയച്ചു.
കൊളീജിയം സംവിധാനത്തെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഈയിടെ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് കൊളീജിയം ശിപാർശ അംഗീകരിക്കാത്ത കേന്ദ്രത്തോടുളള സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം. സുപ്രീംകോടതി കൊളീജിയം ആവർത്തിച്ച് ശിപാർശ ചെയ്ത 11 ജഡ്ജിമാരെ നിയമിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ബംഗളൂരുവിലെ അഭിഭാഷക അസോസിയേഷൻ ആണ് ഹരജി നൽകിയത്.
ജഡ്ജിമാരുടെ നിയമന ശിപാർശ പിടിച്ചുവെക്കുന്നത് സ്വീകാര്യമല്ല എന്ന് ബെഞ്ച് വ്യക്തമാക്കി. ശിപാർശ ചെയ്യപ്പെട്ട യോഗ്യരായ ആളുകൾ സ്വയം പിന്മാറാൻ വേണ്ടിയുള്ള പരിപാടിയാണിത്. 2021 സെപ്റ്റംബറിലെ രണ്ടാം ശിപാർശയും നടപ്പാക്കാത്തതിനെ തുടർന്ന് പിന്മാറിയ കർണാടക ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആദിത്യ സോന്ധിയുടെ കാര്യം സുപ്രീംകോടതി ഉദാഹരണമായി പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ ജഡ്ജിയാവാനില്ലെന്ന് വ്യക്തമാക്കി സോന്ധി സ്വയം പിന്മാറുകയായിരുന്നു.
ജഡ്ജി നിയമനത്തിന് ശിപാർശ ചെയ്യപ്പെട്ട മറ്റൊരാളായ കൽക്കത്ത ഹൈകോടതിയിലെ ജയ് തോഷ് മജുംദാർ സർക്കാർ നിയമനം നടത്താതെ മരിച്ചുപോയതും ഉത്തരവിൽ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജഡ്ജിയായി നിയമിക്കാൻ ഒരേ പേര് രണ്ടാമത് ആവർത്തിച്ച് ശിപാർശ ചെയ്താൽ അയാളെ നിയമിക്കുകയല്ലാതെ കേന്ദ്ര സർക്കാറിന് മുന്നിൽ മറ്റൊരു വഴിയില്ലെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. ചില ശിപാർശകളിൽ കേന്ദ്രം പുനഃപരിശോധന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് ശേഷം നിയമന ശിപാർശ ആവർത്തിച്ചിട്ടും നിയമനത്തിന് അംഗീകാരം നൽകിയിട്ടില്ല. പ്രഗത്ഭ വ്യക്തിത്വത്തെയാണ് കോടതിക്ക് ഇതുമൂലം നഷ്ടമായത്.
ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ദീപാങ്കർ ദത്തയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാർശ കഴിഞ്ഞ അഞ്ചാഴ്ചയായിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ബാർ അസോസിയേഷന് വേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.