ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് കൊളീജിയം ശിപാർശ
text_fieldsന്യൂഡൽഹി: 13 പേരെ പുതിയ ഹൈകോടതി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും 17 ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനും സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ.എം. ബദറിനെ പട്ന ഹൈകോടതിയിലേക്കും ഹിമാചൽപ്രദേശ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.വി. മളീമഠിനെ ചീഫ് ജസ്റ്റിസായി മധ്യപ്രദേശ് ഹൈകോടതിയിലും നിയമിക്കണമെന്ന് ശിപാർശയിലുണ്ട്. മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖിനെ പകരം ഹിമാചൽ ചീഫ് ജസ്റ്റിസാക്കണമെന്നും കൊളീജിയം കേന്ദ്ര സർക്കാറിന് ശിപാർശ ചെയ്തു.
ഗുജറാത്തിലായിരിക്കെ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്കെതിരെ ഉത്തരവിട്ടത് മുതൽ കേന്ദ്ര സർക്കാറിന് അനഭിമതനായ ത്രിപുര ചീഫ് ജസ്റ്റിസ് ആകിൽ അബ്ദുൽ ഹമീദ് ഖുറൈശിയെ രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനാണ് നിർദേശം.
സീനിയോറിറ്റിയിലും യോഗ്യതയിലും മുന്നിലുള്ള ഖുറൈശിയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം ശിപാർശ ചെയ്യാതിരുന്നത് നേരേത്ത വിവാദമായിരുന്നു. 2019ൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തെങ്കിലും ആ പദവി നൽകാൻ കേന്ദ്രം തയാറായില്ല. ഇതിനെതിരെ ഗുജറാത്ത് ഹൈകോടതി ബാർ അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതിനെ തുടർന്ന് കേസ് സുപ്രീംകോടതി തീർപ്പാക്കി. ഒടുവിൽ മധ്യപ്രദേശിനു പകരം താരതമ്യേന െചറിയ ഹൈകോടതിയായ ത്രിപുരയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, നാഗേശ്വര റാവു എന്നിവരാണ് കൊളീജിയം അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.