മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസിനെ കൽക്കട്ടയിലേക്ക് സ്ഥലം മാറ്റാൻ കൊളീജിയം
text_fieldsന്യൂഡൽഹി: മണിപ്പൂർ വംശീയ കലാപത്തിന് കാരണമായെന്ന ആക്ഷേപത്തിനിടയാക്കിയ ‘മെയ്തേയികൾക്ക് ഗോത്ര പദവി നൽകുന്നത് പരിഗണിക്കണമെന്ന’ വിവാദ വിധി പുറപ്പെടുവിച്ച മണിപ്പൂർ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരനെ കൽക്കട്ട ഹൈകോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ. കേന്ദ്ര സർക്കാറിന്റെ എതിർപ്പുകൾ തള്ളി ഛത്തിസ്ഗഢ് ഹൈകോടതി ജഡ്ജിയായി അഡ്വ. രവീന്ദ്ര കുമാർ അഗർവാളിനെ നിയമിക്കാനും കൊളീജിയം ശിപാർശ ചെയ്തു.
തന്നെ മണിപ്പൂർ ഹൈകോടതിയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന ജസ്റ്റിസ് മുരളീധരന്റെ ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശിപാർശ കേന്ദ്ര സർക്കാറിന് നൽകിയത്. ജസ്റ്റിസ് മുരളീധരന്റെ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കലാപത്തിന് കാരണമായി ഹൈകോടതി വിധി എടുത്തുകാട്ടുകയും ചെയ്തു.
എന്നാൽ, ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാർഥ് മൃദുലിനെ മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ജൂലൈയിൽ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടും കേന്ദ്രം നടപടി എടുക്കാതെ ജസ്റ്റിസ് മുരളീധരനെ ആക്ടിങ് ചീഫ് ജസ്റ്റിസായി തുടരാൻ അവസരമൊരുക്കി. അതിനിടയിലാണ് കൊളീജിയം ജസ്റ്റിസ് മുരളീധരനെ സ്ഥലം മാറ്റാൻ ആലോചിച്ചത്.
ഇതറിഞ്ഞ് മണിപ്പൂരിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് മുരളീധരൻ നൽകിയ കത്തിൽ അടിസ്ഥാനമില്ലെന്ന് കൊളീജിയം വിലയിരുത്തി. കേന്ദ്ര സർക്കാറിന്റെ എതിർപ്പുകൾ തള്ളി ഛത്തിസ്ഗഢ് ഹൈകോടതി ജഡ്ജിയായി അഡ്വ. രവീന്ദ്ര കുമാർ അഗർവാളിനെ നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തു.
അഗർവാളിനെ ജഡ്ജിയാക്കാൻ ഈ വർഷം ഫെബ്രുവരി മൂന്നിനാണ് ഛത്തിസ്ഗഢ് ഹൈകോടതി ശിപാർശ ചെയ്തിരുന്നത്. അതിന്മേൽ കേന്ദ്രം ഉന്നയിച്ച എതിർപ്പുകൾ പരിഗണനാർഹമല്ലെന്ന് കൊളീജിയം വിലയിരുത്തി. അതേസമയം, പഞ്ചാബ് ഹരിയാന ഹൈകോടതി ജഡ്ജി ജസ്റ്റിസ് അവ്നേഷ് ഝിംഗനെ ഗുജറാത്തിലേക്ക് സ്ഥലംമാറ്റാനുള്ള ശിപാർശ പിൻവലിച്ച കൊളീജിയം രാജസ്ഥാനിലേക്ക് സ്ഥലം മാറ്റത്തിന് പുതുതായി ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.