ഹിന്ദു ദൈവങ്ങൾക്കും അമിത് ഷാക്കുമെതിരെ മോശം പരാമർശമെന്ന്; കോമേഡിയൻ മുനവര് ഫാറൂഖിയടക്കം അഞ്ച് പേർ അറസ്റ്റിൽ
text_fieldsഇന്ദോർ: ഇന്ദോർ: ഹാസ്യപരിപാടിക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച യുവകലാകാരനെയും സംഘത്തെയും ദേവീദേവന്മാരെ അപമാനിച്ച കുറ്റമാരോപിച്ച് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന സ്റ്റാൻഡ്അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയെ ഇന്ദോറിലെ കഫേയിൽ പുതുവർഷ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹിന്ദുത്വ സംഘടന പ്രവർത്തകർ തടഞ്ഞ് മർദിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ജനുവരി 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വിദ്വേഷപ്രസംഗങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ തെൻറ പാട്ടുകളിലും പരിപാടികളിലും നിരന്തരം പ്രതികരിക്കാറുള്ള മുനവ്വറിനെതിരെ സംഘ്പരിവാർ സംഘടനകൾ നേരത്തേതന്നെ സമാനമായ പരാതി നൽകിയിരുന്നു. ഹിന്ദു രക്ഷക് സംഘടൻ പ്രസിഡൻറ് ഏകലവ്യ സിങ് ഗൗറിെൻറ നേതൃത്വത്തിൽ ഹിന്ദുത്വ പ്രവർത്തകർ ഇന്ദോറിലെ വേദിയിൽ കാഴ്ചക്കാരായി എത്തുകയും ഒച്ചപ്പാടുണ്ടാക്കി പരിപാടി നിർത്തിവെപ്പിക്കുകയുമായിരുന്നു.
ദേവിമാർക്കെതിരെ പരാമർശങ്ങൾ നടത്തുന്ന പതിവ് ഫാറൂഖിക്ക് പണ്ടേയുണ്ടെന്നും അതാവർത്തിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് പരിപാടിയിൽ നേരിട്ടെത്തി തടഞ്ഞതെന്നും പ്രാദേശിക ബി.ജെ.പി നേതാവ് മാലിനി ലക്ഷ്മൺ സിങ്ങിെൻറ മകൻകൂടിയായ ഗൗർ പറഞ്ഞു. കർസേവകരെയും അമിത് ഷായെയും പരിഹസിച്ചശേഷം ഇയാൾ ദേവതമാരെയും അവഹേളിച്ചു. ഇതെല്ലാം തങ്ങൾ വിഡിയോയിൽ പകർത്തി പൊലീസിലേൽപ്പിച്ചിട്ടുണ്ട്്. അതേസമയം, കലാസംഘത്തെ മർദിച്ചെന്ന ആരോപണം ഗൗർ നിഷേധിച്ചു.
മുനവ്വറിനു പുറമെ എഡ്വിൻ ആൻറണി, പ്രഖർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയും അറസ്റ്റ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ അപമാനിക്കൽ, രോഗം പടരാനുള്ള സാധ്യത അവഗണിച്ച് പ്രവർത്തിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
യൂട്യൂബിൽ അഞ്ചു ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തോളവും ആളുകളാണ് മുനവ്വറിനെ ഫോളോ ചെയ്യുന്നത്. പാകിസ്താനിലേക്ക് പോകാൻ പറയുന്നവർക്ക് ഇന്ത്യയിൽ സന്തോഷം പരത്താൻ ജനിച്ചവനാണ് താനെന്നാണ് ലക്ഷക്കണക്കിനാളുകൾ കണ്ട പാട്ടിലൂടെ ഇദ്ദേഹം മറുപടി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.