തെളിവില്ല; കുറ്റപത്രമില്ല- കൊമേഡിയൻ മുനവർ ഫാറൂഖി രണ്ടാഴ്ച കഴിഞ്ഞും ജയിലിൽ
text_fields
ഇന്ദോർ: ഹിന്ദു ദേവതകളെ അപമാനിച്ചെന്ന പേരിൽ രണ്ടാഴ്ച മുമ്പ് മധ്യപ്രദേശിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയൻ മുനവർ ഫാറൂഖിയും സഹോദരനുൾപെടെ മറ്റ് അഞ്ചു പേരും ഇപ്പോഴും തടവറയിൽ. പൊലീസ് ചുമത്തിയ ആരോപണങ്ങൾക്ക് തെളിവ് നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ ഇതുവരെ സാധിക്കാതിരുന്നിട്ടും ജാമ്യം പോലും അനുവദിക്കാതെയാണ് ഇവരെ തടവറയിൽ പാർപ്പിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതി ഇന്ദോർ ബെഞ്ച് കേസ് പരിഗണിച്ചപ്പോഴാണ് പൊലീസ് സമ്പൂർണ നിസ്സഹായാവസ്ഥ ബോധിപ്പിച്ചത്. എന്നിട്ടും കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി. കേസ് ഡയറി ഹാജരാക്കാൻ പൊലീസിനാകാതെ വന്നതോടെ ജാമ്യ ഹരജി അടുത്തയാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.
ജനുവരി ഒന്നിന് നടന്ന പരിപാടിക്കിടെയാണ് ഫാറൂഖിയെയും നളിൻ യാദവ്, പ്രഖർ വ്യാസ്, പ്രിയം വ്യാസ്, എഡ്വിൻ ആന്‍റണി തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. ഇന്ദോറിലായിരുന്നു പരിപാടി. ബി.ജെ.പി എം.എൽ.എ മാലിനി ഗൗഡിന്‍റെ മകൻ എകലവ്യ ഗൗഡ് നൽകിയ പരാതിയിലായിരുന്നു നടപടി.
മതവികാരം ഇളക്കിവിടുന്നതിനെതിരായ 295എ വകുപ്പ് പ്രകാരമായിരുന്നു കേസ്.
ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ജനുവരി 13ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ച കൂടി നീട്ടിയിരുന്നു.
ഇന്ദോർ ആസ്ഥാനമായുള്ള പ്രഖർ ആയിരുന്നു സംഘാടകൻ. ഫാറൂഖിയെ ആണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. മുംബൈയിൽ നിന്നെത്തിയ ഫാറൂഖിക്കും മറ്റുള്ളവർക്കുമെതിരെ തുക്കോഗഞ്ച് പൊലീസാണ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.