ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പരാതി; ബംഗളൂരുവിൽ കൊമേഡിയൻ വീർ ദാസിന്റെ പരിപാടി റദ്ദാക്കി
text_fieldsബംഗളൂരു: തീവ്ര വലതുപക്ഷ സംഘങ്ങളുടെ എതിർപ്പിനെ തുടർന്ന് സ്റ്റാന്റപ്പ് കൊമേഡിയൻ വീർ ദാസിന്റെ പരിപാടി റദ്ദാക്കി. ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതുമാണ് വീർ ദാസിന്റെ പരിപാടികളെന്ന് ആരോപിച്ചാണ് പ്രതിഷേധം. തുടർന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ബംഗളൂരുവിലെ പരിപാടി മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കാമെന്നും ദാസ് അറിയിക്കുകയായിരുന്നു. അസൗകര്യം നേരിട്ടതിന് ദാസ് മാപ്പ് ചോദിക്കുകയും ചെയ്തു.
പരിപാടിക്കെതിരെ ഹിന്ദു ജനജാഗൃതി സമിതി പൊലീസിൽ പരാതി നൽകിയിരുന്നു. യു.എസിൽ 'ടു ഇന്ത്യാസ്' എന്ന പേരിൽ വീർ ദാസ് നടത്തിയ പരിപാടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇന്ത്യയിൽ പകൽ സ്ത്രീകളെ ആരാധിക്കുകയും രാത്രികളിൽ അവരെ ബലാത്സംഗം ചെയ്യുകയുമാണെന്ന രീതിയിൽ അമേരിക്കയിൽ നടന്ന പരിപാടിക്കിടെ കടുത്ത മതവിരുദ്ധ പരാമർശങ്ങളാണ് വീർ ദാസ് നടത്തിയതെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് മോഹൻ ഗൗഡ ആരോപിച്ചു. അത്തരത്തിൽ വിവാദ പരാമർശം നടത്തിയ വ്യക്തിയുടെ പരിപാടി തടയണമെന്നാവശ്യപ്പെട്ടാണ് സമിതി പരാതി നൽകിയത്.
നിരവധി വിവാദ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ രണ്ട് മുഖങ്ങളാണ് വീർ ദാസ് ദ ടു ഇന്ത്യാസ് മോണോലോഗിലൂടെ അവതരിപ്പിച്ചത്. ഡൽഹി കൂട്ടബലാത്സംഗവും, കർഷക മാർച്ചും അതിലെ പ്രതിപാദ്യ വിഷയങ്ങളായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.