മാംസ ഉൽപന്നങ്ങൾക്ക് ഹലാൽ മുദ്ര: കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കി
text_fieldsന്യൂഡൽഹി: കയറ്റുമതി ചെയ്യുന്ന മാംസം, മാംസ ഉൽപന്നങ്ങൾ എന്നിവക്ക് ‘ഹലാൽ’ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇനിമുതൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കുകയും സംസ്കരണം നടത്തുകയും പൊതിയുകയും ചെയ്താൽ മാത്രമേ മാംസവും അനുബന്ധ ഉൽപന്നങ്ങളും ‘ഹലാൽ’ മുദ്രയോടെ കയറ്റുമതി ചെയ്യാനാവൂ. ഹലാൽ മുദ്രയില്ലാതെ കയറ്റുമതി ചെയ്യുന്ന ഉൽപാദകർക്ക് ഇത് ബാധകമല്ല.
അതേസമയം, ഹലാൽ നിബന്ധനകളുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ആ രാജ്യത്തിന്റെ ആവശ്യകതകൾ നിറവേറ്റാനുള്ള ബാധ്യത നിർമാതാവ്, വിതരണക്കാരൻ, കയറ്റുമതിക്കാരൻ എന്നിവർക്കുണ്ടായിരിക്കും. നിലവിൽ ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന സമിതികൾക്ക് എൻ.എ.ബി.സി.ബി (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡീസ്) യുടെ അംഗീകാരം നേടുന്നതിനായി ആറുമാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
പോത്തിറച്ചി, മത്സ്യം, ചെമ്മരിയാട്, ആട് എന്നിവയുടെ മാംസം, സോസേജ്, മറ്റു മാംസ അനുബന്ധ ഉൽപന്നങ്ങൾ എന്നിവ നിയമ പരിധിയിൽ ഉൾപ്പെടും. ഇക്കഴിഞ്ഞ ജനുവരിയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) കരട് മാർഗനിർദേശം സർക്കാറിന് സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.