വിധി ചരിത്രപരം; ജമ്മു-കശ്മീർ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധമെന്നും മോദി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ചരിത്രപരമെന്നും പാര്‍ലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാനം സുപ്രീംകോടതി ശരിവെച്ചിരുന്നു. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.
ജമ്മു-കശ്മീരിലെയും ലഡാക്കിലെയും സഹോദരന്മാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് കോടതിവിധി. ഇന്ത്യക്കാരെന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് വിധി. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്ന് ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
ജമ്മു-കശ്മീരിന് വേഗം സംസ്ഥാന പദവി തിരിച്ചുനൽകണമെന്നും എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 2024 സെപ്റ്റംബർ 30നുള്ളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. 2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.