പുതിയ സഹകരണനയം തയാറാക്കാൻ സമിതി
text_fieldsന്യൂഡൽഹി: സമഗ്രമായ സഹകരണ നയത്തിന്റെ കരട് തയാറാക്കാൻ മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ 47 അംഗ സമിതി. സഹകരണമേഖലയിൽ അധിഷ്ഠിതമായ സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയം തയാറാക്കുന്നതെന്ന് സഹകരണ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. സഹകരണ മേഖലയെ ശക്തമാക്കാൻ നയമുണ്ടാക്കുമെന്ന് ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സഹകരണരംഗത്തെ വിദഗ്ധർ, ദേശീയതലത്തിലെ സഹകരണ സ്ഥാപനങ്ങൾ മുതൽ പ്രാഥമിക സംഘങ്ങൾ വരെയുള്ള സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാരും രജിസ്ട്രാർമാരും മന്ത്രാലയ പ്രതിനിധികളും എന്നിവരാണ് സമിതിയിലുള്ളത്.
രാജ്യത്ത് 8.5 ലക്ഷം സഹകരണ സംഘങ്ങളുണ്ട്. 29 കോടി അംഗങ്ങളാണ് ഈ സംഘങ്ങളിലുള്ളത്. കൃഷി, ക്ഷീരവികസനം, മത്സ്യമേഖല, വീട് നിർമാണം, നെയ്ത്ത്, വായ്പ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് സഹകരണ സംഘങ്ങൾ നടത്തുന്നത്. പുതുതായി സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിന് പിന്നാലെയാണ് സമഗ്രമായ നയവും തയാറാക്കുന്നത്. നിലവിലെ നയം 2002ലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.