എല്ലാ മതങ്ങളുടെയും പൊതുശത്രുവാണ് വിദ്വേഷമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും വിദ്വേഷ പ്രസംഗത്തിനു കീഴിൽ എന്തെല്ലാം പരാമർശങ്ങളാണ് വരികയെന്നത് തീരുമാനിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
ജസ്റ്റിസ് കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
‘ദൈവവിശ്വാസികൾ ബി.ജെ.പിക്ക് വോട്ടുചെയ്താൽ അവരോട് ദൈവം ക്ഷമിക്കുകയില്ല’ എന്ന് തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാൾ പരാമർശിച്ചിരുന്നു. ഇതിനെതിരെ 2014ൽ ഫയൽ ചെയ്ത കേസിൽ കെജ്രിവാളിനെതിരായ നടപടികൾ രണ്ടു ദിവസം മുമ്പ് നിർത്തിവെച്ചിരുന്നുവെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വ്യക്തമാക്കി.
പറയുന്ന എല്ലാ കാര്യങ്ങളും വിദ്വേഷ പ്രസംഗത്തിൽ ഉൾക്കൊള്ളിക്കാനാവില്ല. ഇതിന് പ്രത്യേകിച്ച് നിർവചനമില്ലാത്തതിനാൽ കോടതി അതിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് ഇന്ത്യൻ നിയമ വ്യവസ്ഥയിലെ നിയമങ്ങൾ കൂടി പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
നമ്മുടെ സംസ്കാരവും അറിവുമെല്ലാം ശാശ്വതമാണ്. വിദ്വേഷ പ്രസംഗത്തിൽ മുഴുകി നാം അതിനെ താഴ്ത്തിക്കെട്ടരുത്. എല്ലാ മതങ്ങളുടെയും പൊതു ശത്രു വിദ്വേഷമാണ്. മനസിൽ നിന്ന് വിദ്വേഷം മായ്ക്കുക. നിങ്ങൾക്ക് വ്യത്യാസം തിരിച്ചറിയാനാകും - ജസ്റ്റിസ് ജോസഫ് പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കേസുകളെല്ലാം ഒരുമിച്ച് മാർച്ച് 21 ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.