നിയമനത്തിന് പൊതുപരീക്ഷ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിനു കീഴിലെ ടെക്നിക്കൽ ഇതര ബി, സി തസ്തിക നിയമനങ്ങൾക്ക് യോഗ്യത നിർണയ പൊതുപരീക്ഷ നടത്താൻ ദേശീയ നിയമന ഏജൻസി (എൻ.ആർ.എ) രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഏജൻസിയുടെ മൂന്നു വർഷ പ്രവർത്തനങ്ങൾക്ക് 1,517.57 കോടി രൂപ വകയിരുത്തി.
റെയിൽവേ, ബാങ്കുകൾ, സ്റ്റാഫ് സെലക്ഷൻ കമീഷൻ എന്നിവ വെവ്വേറെ നടത്തുന്ന പരീക്ഷകളുടെ രീതി മാറും. പ്രാഥമികതല യോഗ്യത നിർണയ പരീക്ഷ (സി.ഇ.ടി) നിയമന ഏജൻസി നടത്തും. വിവിധ റിക്രൂട്ട്മെൻറ് ഏജൻസികളുടെ അടുത്ത ഘട്ട പരീക്ഷക്ക് ഇരിക്കാൻ ഈ പൊതുപരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കും.
റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ, സ്റ്റാഫ് സെലക്ഷൻ കമീഷൻ എന്നിവക്കു വേണ്ടിയുള്ള പ്രാഥമിക പൊതുപരീക്ഷയാണ് നിയമന ഏജൻസി ആദ്യഘട്ടത്തിൽ നടത്തുക. പൊതുമേഖല സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാറുകൾക്കും സ്വകാര്യ മേഖലക്കും ഇത് ഉപയോഗപ്പെടുത്താൻ പിന്നീട് അവസരം നൽകാനും പദ്ധതിയുണ്ട്. പ്രാഥമിക പരീക്ഷയിലെ മാർക്കുമാത്രം അടിസ്ഥാനമാക്കി നിയമനം നടത്താനും ഭാവിയിൽ വിവിധ ഏജൻസികളെ അനുവദിക്കും.
ബിരുദം, പ്ലസ് ടു, പത്താം തരം എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾക്കായി വെവ്വേറെ പൊതുപരീക്ഷയാണ് ഉദ്ദേശിക്കുന്നത്. ഒരു തവണ പൊതുപ്രവേശന പരീക്ഷ എഴുതി നേടുന്ന മാർക്കിന് മൂന്നു വർഷത്തെ പ്രാബല്യം ഉണ്ടായിരിക്കും.
പ്രായപരിധിക്കു വിധേയമായി ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം. ജില്ല തോറും നിയമന പരീക്ഷ നടത്തും. പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാൻ അവസരമൊരുക്കും. പിന്നാക്ക വിഭാഗ സംവരണ മാനദണ്ഡങ്ങൾ അതേപടി തുടരും.
പൊതുപരീക്ഷ ഓൺലൈനിൽ നടത്തും. ഉദ്യോഗത്തിന് വിവിധ പരീക്ഷകൾ എഴുതേണ്ടി വരുന്നതു വഴിയുള്ള സമയനഷ്ടവും പണനഷ്ടവും ഒഴിവാക്കാൻ ഒറ്റപ്പരീക്ഷ വഴി കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.യുവാക്കൾക്ക് സുതാര്യതയുള്ള റിക്രൂട്ടിങ് സംവിധാനമാണ് വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.