പരിശീലകൻ വസീം ജാഫറുടെ രാജിക്കു പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റിൽ ആളിക്കത്തി വർഗീയത വിവാദം
text_fields
മുംബൈ: മുൻ ഇന്ത്യൻ ഓപണർ വസീം ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക പദവിയിൽനിന്ന് പടിയിറങ്ങിയതിനു പിന്നാലെ രാജ്യത്ത് ഇതുവരെയും കേൾക്കാത്ത ആരോപണങ്ങളുമായി അസോസിയേഷനും മറുപടിയുമായി വസീം ജാഫറും. അനർഹരെ തിരുകിക്കയറ്റാൻ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സമ്മർദം ചെലുത്തുകയാണെന്ന് രാജിക്കത്തിൽ വസീം ജാഫർ കുറ്റപ്പെടുത്തി. എന്നാൽ, ഡ്രസ്സിങ് റൂമിനെ വർഗീയവത്കരിക്കുകയും മുസ്ലിം താരങ്ങൾക്ക് മുൻഗണന നൽകുകയുമാണ് വസീം ജാഫറെന്ന് അസോസിയേഷൻ സെക്രട്ടറി മാഹിം വർമ പറഞ്ഞു.
വിവാദം കൊഴുത്തതോടെ ഓൺലൈൻ വാർത്താസമ്മേളനത്തിൽ, ഇത്തരം വിഷയങ്ങളിൽ മറുപടി നൽകേണ്ടിവന്നത് ദുഃഖകരമായ അനുഭവമായെന്ന് വസീം പ്രതികരിച്ചു. ''ഒരാൾക്ക് വന്നുപെടാവുന്ന ഏറ്റവും മോശം അവസ്ഥയാണിത്. ഞാൻ വർഗീയവാദിയാണെന്നു വരുത്തി വിഷയത്തിൽ വർഗീയത കലർത്തുന്നത് ദുഃഖകരമാണ്''- രഞ്ജിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായ മുംബൈ താരം പറഞ്ഞു.
എന്നാൽ, പരിശീലനത്തിനിടെ മൗലവിയെ വിളിച്ചുവരുത്തിയും ഹനുമാൻ ഭക്തിഗാനം ഉരുവിടുന്നത് മാറ്റിയും വർഗീയവത്കരിക്കുകയായിരുന്നുവെന്ന് വർമ വിമർശിക്കുന്നു. ''രാംഭക്ത് ഹനുമാൻ കി ജയ് ചൊല്ലി കളിക്കാനിറങ്ങണമെന്നാണ് താരങ്ങളുടെ ആഗ്രഹം. അത് മാറ്റണമെന്ന് വസീം ജാഫറും. ഡെറാഡൂണിൽ പരിശീലനത്തിനിടെ ഒരു മൗലവി മൈതാനത്തു വന്ന് രണ്ടു തവണ നമസ്കരിച്ചു. ബയോ ബബ്ൾ നിലനിൽക്കെ എങ്ങനെയാണ് ഒരു മൗലവിക്ക് മൈതാനത്തിറങ്ങാനാകുക. ഇത് നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് ഞാൻ താരങ്ങളോട് പറഞ്ഞു''- വർമയുടെ വാക്കുകൾ.
ഇതിന് വസീം ജാഫറുടെ മറുപടി ഇങ്ങനെ: ''ഞാൻ വിളിച്ചല്ല മൗലവി വന്നത്. ഇഖ്ബാൽ അബ്ദുല്ലയാണ് വിളിച്ചത്. വെള്ളിയാഴ്ച നമസ്കാരത്തിന് ഒരു മൗലവി വേണ്ടിയിരുന്നു. ഇഖ്ബാൽ അതിന് അനുമതി തേടി. ഞാൻ നൽകുകയും ചെയ്തു. ഡ്രസ്സിങ് റൂമിനകത്താണ് ഞങ്ങൾ നമസ്കരിച്ചത്. രണ്ടുതവണയോ മൂന്നു തവണയോ മാത്രമാണ് അതു സംഭവിച്ചത്. അതും ബയോ- ബബ്ൾ നിലവിൽ വരുംമുമ്പ്''.
'' താരങ്ങൾ 'ജയ് ഹനുമാൻ ജയ്' ചൊല്ലരുതെന്ന് ഞാൻ പറഞ്ഞതായി പറയുന്നു. ആദ്യം പറയാനുള്ളത് ഒരു താരവും ഒരു േശ്ലാകവും പതിവായി ചൊല്ലിയിരുന്നില്ല. സിഖുകാരായ ചില താരങ്ങളുണ്ട്. അവർ 'റാണി മാത സച്ചേ ദർബാർ കി ജയ്' ചൊല്ലും. എല്ലാവരും ചേർന്ന് 'ഗോ ഉത്തരാഖണ്ഡ്' എന്നോ 'കമോൺ ഉത്തരാഖണഡ്' എന്നോ മറ്റോ ചൊല്ലാമെന്ന് പറഞ്ഞിരുന്നു. ഞാൻ വിദർഭക്കൊപ്പമായിരുന്നപ്പോൾ 'കമോൺ വിദർഭ' എന്നാണ് ടീം പാടിയിരുന്നത്. അതും ഞാനല്ല, താരങ്ങളാണ് നിർദേശിച്ചത്''- വസീം ജാഫർ പറഞ്ഞു.
''അതിൽ വർഗീയത വേണമായിരുന്നുവെങ്കിൽ 'അല്ലാഹു അക്ബർ'' എന്നല്ലേ ഞാൻ ചൊല്ലേണ്ടിയിരുന്നത്. ഉച്ചക്കു നമസ്കരിക്കാൻ പരിശീലനം രാവിലെ നേരത്തെ ആക്കുകയും ചെയ്യേണ്ടിയിരുന്നില്ലേ''.
കഴിഞ്ഞ വർഷമാണ് വസീം ജാഫർ ഉത്തരാഖണ്ഡ് പരിശീലക പദവി ഏറ്റെടുക്കുന്നത്. അതിനു ശേഷം ജയ് ബിസ്ത, ഇഖ്ബാൽ അബ്ദുല്ല, സമദ് ഫലാഹ് എന്നീ താരങ്ങളെ ടീമിലെത്തിച്ചിരുന്നു. മുൻ മുംബൈ താരം ഇഖ്ബാൽ അബ്ദുല്ലയാണ് സയിദ് മുഷ്താഖ് ടൂർണമെൻറിൽ ടീമിനെ നയിച്ചത്.
''സെലക്ഷൻ കമ്മിറ്റിയെ പോലും ജാഫർ മുഖവിലക്കെടുത്തിരുന്നില്ലെന്നും' വർമ കുറ്റപ്പെടുത്തിയിരുന്നു.
20,000 ഫസ്റ്റ് ക്ലാസ് റൺസിനടുത്ത് സ്വന്തം പേരിൽ കുറിച്ച ജാഫർ കഴിഞ്ഞ ദിവസമാണ് പരിശീലക പദവിയിൽ നിന്ന് രാജിവെച്ചത്. 2008 വരെ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന താരം ബംഗ്ലദേശ്, കിങ്സ് ഇലവൻ പഞ്ചാബ് ടീമുകളുടെ ബാറ്റിങ് പരിശീലകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.