വഡോദരയിൽ വർഗീയ സംഘർഷം; വഴിവെച്ചത് ബൈക്കുകൾ കൂട്ടിയിടിച്ചതിനെച്ചൊല്ലിയുള്ള തർക്കം
text_fieldsവഡോദര: ഗുജറാത്തിലെ വഡോദരയിലുണ്ടായ ഇരുചക്ര വാഹനാപകടം വർഗീയ സംഘർഷത്തിൽ കലാശിച്ചു. അക്രമത്തിൽ ആരാധനാലയം തകർന്നു. വാഹനങ്ങൾക്ക് കേടുപാടു പറ്റി. അക്രമത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തെ തുടർന്ന് കലാപമുണ്ടാക്കിയതിന് 19 പേർ അറസ്റ്റിലായി. റോഡപകടവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു പേർകൂടി അറസ്റ്റിലായി.
റാവുപുര പ്രദേശത്തെ രണ്ട് സമുദായങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് നടന്ന വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് വഡോദര പൊലീസ് കമീഷണർ ഷംഷേർ സിങ് പറഞ്ഞു. രംഗം വഷളായതോടെ കരേലിബാഗിൽ രണ്ട് സമുദായങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടി പരസ്പരം കല്ലെറിയുകയായിരുന്നു.
റോഡരികിലെ ആരാധനാലയവും രണ്ട് ഓട്ടോകളും നിരവധി ഇരുചക്രവാഹനങ്ങളും ജനക്കൂട്ടം നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തിനും കലാപത്തിനും റാവുപുര, കരേലിബാഗ് പൊലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കലാപം, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ കൈവശംവെക്കൽ, ആരാധനാലയം മലിനമാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് തിരിച്ചറിഞ്ഞവരും അജ്ഞാതരുമായ ഒരു കൂട്ടം പ്രതികൾക്കെതിരെയാണ് കേസെടുത്തത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ പൊലീസ് പ്രദേശത്ത് രാത്രി പട്രോളിങ് നടത്തി. ആക്രമണവുമായി ബന്ധപ്പെട്ട് റാവുപുര, കരേലിബാഗ് പ്രദേശത്തും ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തർക്കങ്ങൾ നടന്നതായി പൊലീസ് പറഞ്ഞു. ആക്രമണം ആസൂത്രിതമാണോയെന്നത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.