ഹരിയാനയിലെ സംഘർഷം: പള്ളിക്ക് തീവെച്ച് ഇമാമിനെ കൊലപ്പെടുത്തി
text_fieldsചണ്ഡിഗഡ്: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുസ്‍ലിം പള്ളിക്ക് തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുരുഗ്രാം സെക്ടർ 57ലെ അഞ്ജുമാൻ ജുമാമസ്ജിദാണ് 70-80 പേരടങ്ങുന്ന സംഘം അഗ്നിക്കിരയാക്കിയത്. ഇവിടെയുണ്ടായിരുന്ന ഇമാം മൗലാന സാദിനും ഖുർഷിദ് എന്നയാൾക്കും നേരെ അക്രമി സംഘം വെടിയുതിർക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇമാം മരിച്ചു. ഖുർഷിദ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അക്രമികളെ തിരിച്ചറിഞ്ഞതായും പലരെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ആരാധനാലയങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ സാമുദായിക നേതാക്കളുമായി ചർച്ചയും നടക്കുന്നുണ്ട്.
ഗുരുഗ്രാമിന് സമീപം നൂഹിൽ ഇരു വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സാഹചര്യങ്ങൾ നിയന്ത്രണത്തിലായതായി നൂഹ് എസ്.പി നരേന്ദർ ബിജാർണിയ പറഞ്ഞു.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.