നിതീഷ് കുമാറിന്റെ ഭരണത്തിൽ ആർ.എസ്.എസ്-ബി.ജെ.പി വർഗീയ ശക്തികൾ തഴച്ചുവളർന്നു -തേജസ്വി യാദവ്
text_fieldsപട്ന: മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ഭരണത്തിൽ വർഗീയ ശക്തികളായ ആർ.എസ്.എസിനെയും ബി.ജെ.പിയെയും തഴച്ചുവളരാൻ അനുവദിച്ചിരിക്കുന്നുവെന്ന രൂക്ഷവിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബീഹാറിനെ തകർക്കാൻ ശ്രമിക്കുന്ന വർഗീയ, വിഘടന ശക്തികളെ നേരിടാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അന്തരിച്ച എം.പി മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ ഹീന ഷഹാബിനെയും മകൻ ഒസാമയെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു തേജസ്വി. 2021ൽ തിഹാർ ജയിലിൽ വച്ചാണ് ഷഹാബുദ്ദീൻ കോവിഡ് ബാധിച്ച് മരിച്ചത്.
‘മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണത്തിനുകീഴിൽ വർഗീയ ശക്തികളെയും ആർ.എസ്.എസിനെയും ബി.ജെ.പിയെയും തഴച്ചുവളരാൻ അനുവദിച്ചിരിക്കുന്നു. അവരെ ഒന്നിച്ച് നേരിടേണ്ടത് അത്യന്താപേക്ഷിതമാണ്. വെറുപ്പിനെ ചുറ്റിപ്പറ്റിയുള്ളതാണ് അവരുടെ പ്രസംഗങ്ങൾ. വിദ്വേഷം പരത്തുക, ജനങ്ങളെ ഭിന്നിപ്പിക്കുക, ആളുകളെ പരസ്പരം പോരടിപ്പിക്കുക തുടങ്ങിയ അവരുടെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്താൻ നമ്മൾ ഒന്നിക്കണം.
ആർ.ജെ.ഡി മതനിരപേക്ഷതയിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് പുരോഗതിയുടെ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രവർത്തിക്കുമെന്നും’ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി പറഞ്ഞു. ജനങ്ങൾക്ക് പുരോഗതി പ്രാപിക്കാൻ ബീഹാറിൽ സമാധാനവും ഐക്യവും സമൃദ്ധിയും കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം, കുടിയേറ്റം, വികസനം എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. എന്നാൽ ബി.ജെ.പിയും എൻ.ഡി.എ സർക്കാരും സംസ്ഥാനത്തിന്റെ നാശത്തിനായി പ്രവർത്തിക്കുകയാണ്.
മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ ഹീന ഷഹാബിന്റെയും മകൻ ഒസാമയുടെയും വരവ് സിവാനിൽ മാത്രമല്ല ബീഹാറിലുടനീളം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും തേജസ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.