മലയാളി സംരംഭത്തിനെതിരെ വർഗീയ-വിദ്വേഷ പ്രചാരണം; അടിസ്ഥാന രഹിതമായ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് കമ്പനി
text_fieldsബംഗളൂരു: ബംഗളൂരു ആസ്ഥാനമായ മലയാളി സംരംഭകരുടെ 'ഐ.ഡി ഫ്രഷ് ഫുഡ് ഇന്ത്യ' കമ്പനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം. ഐ.ഡി ഫ്രഷ് ഭക്ഷ്യോൽപന്നങ്ങളിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നുണ്ടെന്നും കമ്പനിയിൽ മുസ്ലിംകളെ മാത്രമാണ് ജോലിക്കെടുക്കൂവെന്നുമുള്ള തരത്തിൽ വർഗീയ വിദ്വേഷം പടർത്തുന്ന വ്യാജ സന്ദേശമാണ് വാട്സ്ആപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചത്.
ഐ.ഡി ഫ്രഷ് ബ്രാൻഡിനെ മനപ്പൂർവം തകർക്കാനുള്ള അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി പ്രസ്താവന ഇറക്കിയ കമ്പനി വ്യാജ പ്രചാരണത്തിനെതിരെ ബംഗളൂരു സൈബർ ക്രൈം പൊലീസിനും വാട്സ് ആപ് അധികൃതർക്കും പരാതി നൽകി. എന്തുകൊണ്ടാണ് തെറ്റായ പ്രചാരണം ഉണ്ടാകുന്നതെന്നോ ആരാണ് പിന്നിലെന്നോ അറിയില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങളിൽ ഒന്നും ശരിയല്ലെന്ന് നൂറുശതമാനം പറയാനാകുമെന്നും 'ഐ.ഡി ഫ്രഷ്' സി.ഇ.ഒ പി.സി. മുസ്തഫ പറഞ്ഞു.
ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഐ.ഡി ഫുഡ്സിെൻറ ഇഡ്ഡലി, ദോശ മാവുകളിൽ പശുവിെൻറ എല്ലും പശുക്കുട്ടികളുടെ കൊഴുപ്പും ചേർക്കുന്നുണ്ടെന്നും മുസ്ലിംകളെ മാത്രമാണ് ജോലിക്കെടുക്കുകയുള്ളൂവെന്നും ഹലാൽ സർട്ടിഫിക്കറ്റുണ്ടെന്നുമായിരുന്നു എസ്.ഡി ശ്രീനിവാസ എന്ന പേരിലുള്ള ട്വിറ്ററിലൂടെ വ്യാജ സന്ദേശം വന്നത്. 'ഐ.ഡി ഫുഡ്സ്' ഉൽപന്നങ്ങൾ പ്രത്യേക മതവിഭാഗം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത ട്വീറ്റും ഒപ്പം വന്നു.
ഉൽപന്നങ്ങൾ പൂർണമായും വെജിറ്റേറിയൻ ചേരുവകൾ ഉപയോഗിച്ചാണ് നിർമിക്കുന്നതെന്നും ഒരു ഉൽപന്നത്തിലും മൃഗക്കൊഴുപ്പ് ചേർക്കുന്നില്ലെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.