വയനാട് ദുരന്തത്തിൽ വർഗീയ ധ്രുവീകരണ നീക്കം: കോൺഗ്രസ് എം.പിമാർ ലോക്സഭ സ്തംഭിപ്പിച്ചു
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും വയനാട് ദുരന്തത്തിൽ ഹ്രസ്വ ചർച്ചക്ക സമ്മതിച്ച ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും അത് വർഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കാൻ തുനിഞ്ഞതോടെ കോൺഗ്രസ് എം.പിമാർ ലോക്സഭ സ്തംഭിപ്പിച്ചു.
പശ്ചിമ ഘട്ടത്തിലെ കുടിയേറ്റത്തിന് മതത്തിന്റെ നിറം നൽകി പാർലമെന്റിന്റെ ഇരുസഭകളിലും ബി.ജെ.പി എം.പിമാർ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ കടുത്ത ആരോപണങ്ങളാണ് നടത്തിയത്. രാഹുലിനെതിരെ വന്യമായ ആക്രമണം അഴിച്ചുവിട്ട തേജസ്വി സൂര്യ വിവാദ പ്രസംഗത്തിന് മുമ്പും പിമ്പും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിയാലോചന നടത്തുന്നതിനും ലോക്സഭ സാക്ഷ്യം വഹിച്ചു.
മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരി രംഗന്റെയും പശ്ചിമ ഘട്ട സംരക്ഷണ റിപ്പോർട്ടുകൾ കൂടി ഇതിനായി ബി.ജെ.പി ചർച്ചയാക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി കൈയേറ്റക്കാർക്കൊപ്പം നിന്നുവെന്ന് സ്ഥാപിക്കാനാണ് വയനാട് ദുരന്തത്തെ കുറിച്ച് സംസാരിച്ച ബി.ജെ.പി എം.പിമാരായ തേജസ്വി സൂര്യ, ലഹർ സിങ്ങ് സിനോയ, അരുൺ സിങ്ങ് എന്നിവർ ഇരുസഭകളിലും ശ്രമിച്ചത്. ഇത് ബി.ജെ.പി നിർദേശ പ്രകാരമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിന്റെയും ഇടപെടലുകൾ.
കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിലെ മലകൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് രാഹുൽ ഗാന്ധി നോക്കാത്തത് കൊണ്ടാണ് ഉരുൾ പൊട്ടലുണ്ടായതെന്നാണ് ലഹർ സിങ്ങ് സിനോയ പറഞ്ഞത്. വയനാടിനും പരിസരത്തുമുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഈ കുടിയേറ്റം ഒഴിപ്പിക്കുന്നില്ല. വയനാട് എം.പിയായിട്ട് ഒരിക്കൽ പോലും രാഹുൽ ഗാന്ധി വയനാട്ടിലെ ഉരുൾപൊട്ടലും പ്രളയവും ലോക്സഭയിൽ ഉന്നയിച്ചില്ലെന്നും കുടിയേറ്റം ഒഴിപ്പിക്കാൻ പറഞ്ഞ പി.ടി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്നും തേജസ്വി സൂര്യ ആരോപിച്ചു.
2020-ൽ കേരള ദുരന്ത നിവാരണ അതോറിറ്റി 4000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും അവരെ ഒഴിപ്പിച്ചില്ല. വയനാട് എം.പി രാഹുൽ ഗാന്ധിയും ഈ ആവശ്യമുന്നയിച്ചില്ല. മതസംഘടനകളിൽ നിന്ന് സമ്മർദമുള്ളത് കൊണ്ട് പശ്ചിമ ഘട്ടത്തിൽ നിന്ന് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാവില്ലെന്ന് കേരള വനം വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞത് സൂര്യ ഉദ്ധരിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായത് കേരളത്തിലാണെന്നും എന്നിട്ടും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയോ ഖനനം നിർത്തുകയോ ചെയ്തില്ലെന്നും തേജസ്വി സൂര്യകുറ്റപ്പെടുത്തി. ചോദ്യം മാത്രം ചോദിക്കാൻ അനുമതിയുള്ള വേളയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച തേജസ്വിയെ അനുവദിച്ച സ്പീക്കർക്കെതിരെ നടുത്തളത്തിലിറങ്ങി കോൺഗ്രസ് എം.പിമാർ സഭ സ്തംഭിപ്പിച്ചു.
തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ കക്ഷി നേതാക്കളും സ്പീക്കറെ ചേംബറിൽ കണ്ട ശേഷമാണ് നാല് മണിക്ക് സഭ പുനരാരംഭിച്ചത്. തേജസ്വിയുടെ വ്യാജ ആരോപണം ചോദ്യം ചെയ്ത കെ.സി വേണുഗോപാൽ ദുരന്തവേളയിലും രാഷ്ട്രീയം കളിക്കുന്നത് ചോദ്യം ചെയ്തു. രാഹുൽ ഗാന്ധി വയനാട്ടിലെ ഉരുൾപൊട്ടലും പ്രളയവും സഭയിലുന്നയിച്ചത് സഭാ രേഖകളിലുണ്ടെന്നും വയനാട്ടിലെയും രാജ്യത്തെയും ജനങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പമായത് കൊണ്ടാണ് പ്രധാനമന്ത്രി മോദിയേക്കാൾ വലിയ ഭൂരിപക്ഷത്തിന് ജയിച്ചതെന്നും വേണുഗോപാൽ മറുപടി നൽകി. വ്യാജ ആരോപണത്തിന് തേജസ്വി മാപ്പുപറയണമെന്ന് വേണുഗോപാലിന് പുറമെ ഗൗരവ് ഗോഗായിയും ആവശ്യപ്പെട്ടു. എന്നാൽ അതിന് സ്പീക്കർ തയാറായില്ല.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം- കെ രാധാകൃഷ്ണൻ എം.പി
വയനാട് ദുരന്തത്തിൽ നൂറുകണക്ക് ആളുകൾ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും, ആയിരക്കണക്കിന് ആളുകൾ അഭയാർത്ഥികളായി പല കേന്ദ്രങ്ങളിലും തങ്ങുകയാണ്. ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു ദുരന്തത്തിന് ഇരയായവർക്ക് ആവശ്യമായ ധനസഹായം നൽകാൻ കേന്ദ്രസർക്കാർ നടപടി കൈക്കൊള്ളണമെന്ന് ലോക്സഭയിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. ദുരന്ത മേഖലയിൽ കേന്ദ്രത്തിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ടെന്നും, ദുരന്തം കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.