ഹരിയാനയിലെ വർഗീയ സംഘർഷം: മരണം ആറ്; 116 പേർ അറസ്റ്റിൽ
text_fieldsഗുരുഗ്രാം: കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. രണ്ട് ഹോംഗാർഡുകളും ഒരു പള്ളി ഇമാമും മറ്റു മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട് 41 കേസുകളിലായി 116 പേർ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി വീണ്ടും സംഘർഷം ഉണ്ടായതോടെ ഡൽഹിയിലും പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അതിനിടെ, വി.എച്ച്.പി, ബജ്റംഗ്ദൾ എന്നിവയുടെ നേതൃത്വത്തിൽ മനേസറിൽ ഇന്ന് വൈകീട്ട് നാലിന് മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്. വി.എച്ച്.പിയുടെ നേതൃത്വത്തിൽ നോയിഡയിൽ പ്രതിഷേധ മാർച്ചും നിശ്ചയിച്ചിട്ടുണ്ട്.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.