ആ 'ഒരു രൂപ'യുടെ കാരണം എണ്ണക്കമ്പനികൾ
text_fieldsതിരുവനന്തപുരം: നികുതി കുറഞ്ഞിട്ടും സംസ്ഥാനത്തെ പെട്രോൾ വിലയിൽ പ്രതീക്ഷിച്ച വിലക്കുറവുണ്ടാകാത്തതിന് ഒടുവിൽ കാരണം കണ്ടെത്തി. കേന്ദ്രം നികുതി കുറക്കുകയും സംസ്ഥാനത്തിന്റെ നികുതി കുറയുകയും ചെയ്തതിനു പിന്നാലെ, എണ്ണക്കമ്പനികൾ പെട്രോളിന്റെ അടിസ്ഥാന വിലയിൽ 79 പൈസ വർധിപ്പിച്ചതാണ് വിലയിൽ വ്യത്യാസം വരാൻ കാരണമെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതിന്റെ നികുതിയടക്കം ചേർത്താണ് ഒരു രൂപയുടെ കുറവ് വന്നത്. ഈ രീതിയിൽ വില വർധന കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനകം തന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാകുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കേന്ദ്രനികുതി എട്ട് രൂപ കുറച്ചതിനൊപ്പം സംസ്ഥാന സർക്കാർ 2.41 രൂപ സംസ്ഥാന നികുതിയിനത്തിലും കുറച്ചിരുന്നു. അതായത് പെട്രോൾ വിലയിൽ 10.41 രൂപയുടെ ആനുകൂല്യമാണ് കേരളത്തിൽ ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 9.40 രൂപ മാത്രമേ പെട്രോൾ വിലയിൽ കുറവ് വന്നിട്ടുള്ളൂ. ഡീസൽ വിലയിലാകട്ടെ, കേന്ദ്രവും സംസ്ഥാനവും നൽകിയ ഇളവ് പൂർണമായും കേരളത്തിന് ലഭിക്കുകയും ചെയ്തു.
വ്യത്യാസം വന്ന തുക എങ്ങോട്ട് പോയി എന്നത് വലിയ ചർച്ചയാകുകയും പലവിധ അഭിപ്രായങ്ങൾ ഉയരുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് എണ്ണക്കമ്പനികളുടെ അപ്രതീക്ഷിത വില വർധിപ്പിക്കൽ കണ്ടെത്തിയത്. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും 30.8 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.