വോട്ട് ചെയ്തവരുടെ എണ്ണത്തിൽ 19.4 കോടി കുറവ്; ഞെട്ടലിൽ മുന്നണികൾ
text_fieldsന്യൂഡൽഹി: 2019മായി താരതമ്യം ചെയുമ്പോൾ ഇത്തവണ വോട്ടുചെയ്തവരുടെ എണ്ണത്തിൽ വൻ ഇടിവ്. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട ആദ്യ അഞ്ച് ഘട്ടങ്ങളിലെ കണക്ക് പ്രകാരം 19.4 കോടി വോട്ടുകളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
2019ൽ 426 സീറ്റുകളിലായി 70.1 കോടി വോട്ടുകളാണ് ആദ്യ അഞ്ച് ഘട്ടങ്ങളിലായി പോൾ ചെയ്തത്. എന്നാൽ, 2024ൽ 428 സീറ്റുകളിലായി ആദ്യ അഞ്ച് ഘട്ടങ്ങളിൽ 50.7 കോടി വോട്ടുകൾ മാത്രമാണ് പോൾ ചെയ്തത്.
അതേസമയം, ഈ കാലയളവിൽ ഈ മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ 7.2 കോടി വർധനവുമുണ്ട്. 2019ൽ 89.6 കോടി വോട്ടർമാരായിരുന്നു ഈ മണ്ഡലങ്ങളിൽ ഉണ്ടായിരുന്നത്. 2024ലാകട്ടെ 96.8 കോടിയായി ഉയർന്നു. എന്നിട്ടും ഇത്രയും വോട്ടുകൾ കുറഞ്ഞത് ആശങ്കയോടെയാണ് മുന്നണികൾ നോക്കിക്കാണുന്നത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടങ്ങളിലായി ആകെ 426 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ 428 മണ്ഡലങ്ങളിലും. അതായത്, 2019 നെ അപേക്ഷിച്ച് രണ്ട് സീറ്റുകൾ കൂടുതലാണ്. 2019ൽ ആദ്യ അഞ്ച് ഘട്ടത്തിൽ 70,16,69,757 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ 2024ൽ ആകെ 50,78,97,288 പേരാണ് വോട്ടുചെയ്യാൻ എത്തിയത്.
ഒന്നാം ഘട്ടം 11 സീറ്റുകൾ കൂടി, 3.2 കോടി വോട്ട് കുറഞ്ഞു
2019 ൽ ഒന്നാംഘട്ടത്തിൽ 91 സീറ്റുകളിൽ 14.20 കോടി വോട്ടാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇത്തവണ ഒന്നാം ഘട്ടത്തിൽ 102 സീറ്റുകളിലായി ആകെ 11 കോടി വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. 2019നെ അപേക്ഷിച്ച് 3.2 കോടി വോട്ടിൻ്റെ കുറവാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്.
രണ്ടാം ഘട്ടം: ഏഴുസീറ്റ് കൂടിയിട്ടും വോട്ടിൽ വൻ ഇടിവ്
ഈ ഘട്ടത്തിലാണ് കൂടുതൽ വോട്ടിടിവ് രേഖപ്പെടുത്തിയത്. 4.9 കോടി (4,94,18,900) വോട്ടുകളാണ് കുറഞ്ഞത്. അതേസമയം, വോട്ടെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം 2019-നെക്കാൾ കൂടുതലുമായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 88 സീറ്റുകളിലായി 15,52,49,472 പേർ വോട്ടുചെയ്തിരുന്നു. എന്നാൽ, 2024ലെ രണ്ടാം ഘട്ടത്തിൽ 95 സീറ്റുകളിലായി 10,58,30,572 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
മൂന്നാംഘട്ടത്തിൽ സീറ്റ് കുറവ്, വോട്ടും കുറഞ്ഞു
2019നെ അപേക്ഷിച്ച് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഇത്തവണ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 117ഉം ഇത്തവണ 93ഉം മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, 7.5 കോടി വോട്ടുകളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
2024ൽ മൂന്നാം ഘട്ടത്തിൽ 11,32,34,676 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ തവണ ഇത് 18,85,09,156 ആയിരുന്നു. കുറവ് 7,52,74,480.
നാലാംഘട്ടം: 24 സീറ്റ് കൂടി; അരക്കോടി വോട്ടു കുറഞ്ഞു
57.9 ലക്ഷമാണ് നാലാം ഘട്ടത്തിൽ രണ്ട് തെരഞ്ഞെടുപ്പുകളും തമ്മിലുള്ള വ്യത്യാസം. ഇത്തവണ 24 സീറ്റുകൾ വർധിച്ചിരുന്നു. എന്നിട്ടും അരക്കോടി വോട്ടർമാർ കുറഞ്ഞു. 2019ൽ 72 സീറ്റുകളിലായി 12,82,67,429 വോട്ടുകളും 2024ൽ 96 സീറ്റുകളിൽ 12,24,69,319 വോട്ടുകളും രേഖപ്പെടുത്തി. 2024ൽ കുറഞ്ഞത് 57,98,110 വോട്ടുകൾ.
അഞ്ചാംഘട്ടത്തിൽ 3.1 കോടി വോട്ടുകുറവ്
3.1 കോടിയാണ് അഞ്ചാം ഘട്ടത്തിൽ വ്യത്യാസം. 2019ൽ അഞ്ചാം ഘട്ടത്തിൽ 51 സീറ്റുകളിലേക്കുള്ള പോളിങ്ങിൽ ആകെ 8,75,88,722 വോട്ടുകളാണ് രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ 49 സീറ്റിൽ ആകെ 5,57,10,618 വോട്ടുകളാണ് രേഖപ്പെടുത്തിയത്. കുറഞ്ഞത് 3,18,78,104 വോട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.