സുന്ദരികളെ തേടി മത്സരം; യോഗ്യത -ഉയർന്ന ജാതിക്കാരിയാകണം, സമ്മാനം കേട്ട് ഞെട്ടരുത്!
text_fieldsഅമൃതസർ: പഞ്ചാബിലെ ബത്തിൻഡയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ട സൗന്ദര്യ മത്സരത്തിന്റെ പോസ്റ്റർ കണ്ടാൽ ആരും കുറച്ചുനേരം നോക്കിനിന്നുപോകും. ചുവപ്പും മഞ്ഞയും നിറങ്ങളിൽ യുവതിയുടെ ചിത്രത്തോടെ തയാറാക്കിയ പോസ്റ്ററിലെ വിജയിക്കുള്ള സമ്മാനമാണ് ഏറെ 'ആകർഷകം'. വിജയിയാകുന്ന യുവതിക്ക് കാനഡയിൽ സ്ഥിരതാമസമാക്കിയ യുവാവിനെ വിവാഹം കഴിക്കാം എന്നാണ് 'മോഹന വാഗ്ദാനം'. ബന്ധപ്പെടാൻ വാട്സ് ആപ് നമ്പറുകളുമുണ്ട്. എന്നാൽ, പങ്കെടുക്കാൻ ഒരു നിബന്ധനയാണുള്ളത്, ഉയർന്ന ജാതിയിൽപെട്ടവരാകണം.
ബുധനാഴ്ച രാവിലെയോടെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. പലരും എതിർപ്പറിയിക്കാൻ പോസ്റ്ററിൽ കണ്ട നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു.
ഇതോടെ സംഘാടകരെ തേടി ബത്തിൻഡ പൊലീസ് രംഗത്തിറങ്ങുകയും കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ സുരീന്ദർ സിങ്, രാംദയാൽ സിങ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അപകീർത്തികരമായ വാചകങ്ങൾ അച്ചടിക്കൽ, സ്ത്രീയുടെ അഭിമാനം ഹനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഒക്ടോബർ 23ന് നഗരത്തിലെ ഒരു ഹോട്ടലിൽ വെച്ച് മത്സരം നടക്കുമെന്നാണ് പോസ്റ്ററിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തരമൊരു പരിപാടിക്കായി ആരും ഹോട്ടൽ ബുക്ക് ചെയ്തിട്ടില്ലെന്നാണ് ഉടമകളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.