‘ഉവൈസിയുടെ ഫലസ്തീൻ വിധേയത്വം ഇന്ത്യക്ക് വിനാശകരം’; അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി
text_fieldsന്യൂഡൽഹി: ലോക്സഭാംഗമായി നടത്തിയ സത്യപ്രതിജ്ഞയിൽ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്‍ അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് സുപ്രീംകോടതി അഭിഭാഷകൻ അലഘ് അലോക് ശ്രീവാസ്തവ അടക്കം നിരവധി പേരാണ് പരാതി നൽകിയത്.
മുദ്രാവാക്യം വിളിയിലൂടെ ഒരു വിദേശ രാജ്യത്തോടുള്ള തന്‍റെ ആഴത്തിലുള്ള കൂറും വിധേയത്വവും ഒവൈസി അംഗീകരിച്ചതായി വ്യക്തമായെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഡി) പ്രകാരം ഒരു വ്യക്തി ഒരു വിദേശ രാജ്യത്തോട് ചേർന്നു നിൽക്കുകയോ അല്ലെങ്കിൽ വിധേയപ്പെടുകയോ ചെയ്താൽ അംഗത്വത്തിന് അയോഗ്യത കൽപിക്കപ്പെടുമെന്ന് അലോക് ശ്രീവാസ്തവ വ്യക്തമാക്കി.
വിദേശ രാജ്യമായ ഫലസ്തീനോട് ഉവൈസി അസന്ദിഗ്ധമായ വിശ്വസ്തതയും പിന്തുണയും വിധേയത്വവും പ്രകടിപ്പിക്കുന്നത് ആദ്യമായല്ല. കുറേ വർഷങ്ങളായി ഈ പിന്തുണ തുടരുകയാണ്. ഉവൈസിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് നമ്മുടെ രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി ഹൈദരാബാദ് എം.പിയെ അയോഗ്യനാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
18-ാം ലോക്സഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ഉവൈസിയെ വിളിച്ചപ്പോൾ ബി.ജെ.പി എം.പിമാർ ‘ജയ് ശ്രീറാം’ വിളിച്ചിരുന്നു. തുടർന്ന് സത്യപ്രതിജ്ഞ പൂർത്തിയാക്കിയ ഉവൈസി ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, തക്ബീർ അല്ലാഹു അക്ബർ...’ എന്ന് വിളിച്ചു. ഇതിന് പിന്നാലെ ‘ജയ് ഫലസ്തീൻ’ എന്ന് ഉവൈസി വിളിച്ചതിനെതിരെ ബി.ജെ.പി എം.പിമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഉവൈസിക്കെതിരെ നടപടി വേണമെന്ന് ഭരണകക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടു. ഒരു രാജ്യത്തെയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല, എന്നാൽ, സഭയിൽ ഏതെങ്കിലും രാജ്യത്തിന്‍റെ പേര് എടുത്ത് പറയുന്നത് ശരിയല്ലെന്നാണ് പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയത്.
അതേസമയം, വിമർശകരുടെ ആരോപണം തള്ളിയ ഉവൈസി, ‘അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ’ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. ഭരണഘടനയെ കുറിച്ച് തനിക്കും അറിയാം. ഇത്തരം പൊള്ളയായ ഭീഷണി തന്‍റടുത്ത് ചെലവാകില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.