മതവിദ്വേഷം പരത്തിയെന്ന്; സ്വര ഭാസ്കർ, ട്വിറ്റർ മേധാവി തുടങ്ങിയവർക്കെതിരെ പരാതി
text_fieldsന്യൂഡൽഹി: ഗാസിയാബാദിൽ മുസ്ലിം വയോധികനെ മർദിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റ് പങ്കുവെച്ചതിന് നടി സ്വര ഭാസ്കർ, ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരി, മാധ്യമപ്രവർത്തകർ അർഫ ഖാനും ഷേർവാനി തുടങ്ങിയവർക്കെതിരെ പരാതി ലഭിച്ചതായി ഡൽഹി പൊലീസ്.
ഇവർ സംഭവത്തിന് സാമുദായിക നിറം നൽകാൻ ശ്രമിച്ചുവെന്നും പൗരൻമാർക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ബുധനാഴ്ച അഭിഭാഷകനായ അമിത് ആചാര്യയാണ് ഇവർക്കെതിരായ പരാതി തിലക് മാർഗ് സ്േറ്റഷനിൽ സമർപ്പിച്ചത്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
ജൂൺ അഞ്ചിനാണ് അബ്ദുസമദ് എന്ന വയോധികനെ ഒരു സംഘം ആക്രമിച്ചത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏതാനും പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ജയ് ശ്രീറാം വിളിക്കാൻ ആവശ്യെപ്പട്ട് മർദിച്ചതായും അബ്ദുസമദ് പറഞ്ഞിരുന്നു. എന്നാൽ പ്രവർത്തിക്കാത്ത മന്ത്രത്തകിട് വിറ്റതിനാണ് പ്രതികൾ വയോധികനെ മർദിച്ചതെന്നായിരുന്നു പൊലീസ് വാദം. സംഭവത്തിൽ സാമുദായിക വിവേചനം ഇല്ലെന്നും പൊലീസ് വാദിച്ചിരുന്നു.
അക്രമം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പർവേശ്, ഗുജ്ജർ, ആദിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയോധികനെ ആക്രമിച്ചതിൽ ഹിന്ദു, മുസ്ലിം സമുദായങ്ങളിൽ ഉൾപ്പെട്ടവർ ഉണ്ടായിരുന്നു. എന്നാൽ, സ്വര ഭാസ്കർ ഉൾപ്പെടെയുള്ളവർ അതിനെ വർഗീയവത്കരിക്കാനും സാമുദായിക ഭിന്നിപ്പിനും ശ്രമിച്ചുവെന്ന് അഭിഭാഷകന്‍റെ പരാതിയിൽ പറയുന്നു.
'ഇവരുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. അതിനാൽ തന്നെ അവരുടെ ട്വീറ്റുകൾ സമൂഹത്തിൽ പ്രത്യാഘാതം സൃഷ്ടിക്കും. സംഭവത്തിന്‍റെ സത്യം പരിശോധിക്കാതെ അവർ അതിന് സാമുദായിക നിറം നൽകി. അവരുെട ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ഒഴുകനടന്നു. മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിനും സമാധാനത്തിനും തടസം സൃഷ്ടിക്കുകയാണ് അവയുടെ ലക്ഷ്യം' -പരാതിക്കാരൻ പറയുന്നു.
സാമുദായികവശം ഇല്ലെന്ന് അറിഞ്ഞിട്ടും ട്വിറ്റർ മേധാവി മഹേശ്വരി അവ നീക്കം ചെയ്തില്ല. കൂടാതെ 'കെട്ടിച്ചമച്ച രേഖ'യെന്ന ടാഗും നൽകിയില്ല. ട്വീറ്റുകളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവർ അവസരം നൽകിയെന്നും പരാതിക്കാരൻ പറയുന്നു.
സ്വര ഭാസ്കർ, മനീഷ് മഹേശ്വരി തുടങ്ങിയവർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ആവശ്യമായ അന്വേഷണം നടത്തുമെന്നും ഡൽഹി ഡി.സി.പി ദീപക് യാദവ് പറഞ്ഞു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പൊലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.