ഉള്ളടക്കത്തിലെ പരാതി; വിക്കിപീഡിയക്ക് നോട്ടീസയച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികളിൽ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയക്ക് നോട്ടീസയച്ച് കേന്ദ്രം. പക്ഷപാതപരവും തെറ്റായതുമായ വിവരങ്ങളാണ് നൽകുന്നതെന്ന പരാതിയിലാണ് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്.
വിക്കിപീഡിയയെ പ്രസാധകനായി എന്തുകൊണ്ട് കണക്കാക്കിക്കൂടാ എന്ന് വിശദമാക്കണം. വിക്കിപീഡിയയിലെ വിവരങ്ങൾ തിരുത്താനും മാറ്റിയെഴുതാനുമുള്ള അധികാരം ഒരു ചെറിയ വിഭാഗം ആളുകൾക്ക് മാത്രമാണ് ഉള്ളതെന്നും വാർത്തവിതരണ മന്ത്രാലയം നോട്ടീസിൽ പറയുന്നു. ഉള്ളടക്കം സംബന്ധിച്ച് പരാതികൾ വർധിച്ചതോടെയാണ് കേന്ദ്ര സർക്കാർ നടപടി. ഡൽഹി ഹൈകോടതിയിൽ വിക്കിപീഡിയക്കെതിരായ നിയമപോരാട്ടം നടക്കുന്നതിനിടയിലാണ് കേന്ദ്രം നോട്ടീസ് അയക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ, വിക്കിപീഡിയക്ക് എങ്ങനെയാണ് എൻസൈക്ലോപീഡിയ എന്ന് അവകാശപ്പെടാനാവുകയെന്ന് ഡൽഹി ഹൈകോടതി ചോദിച്ചു. വിക്കിപീഡിയ പേജിൽ തങ്ങളെക്കുറിച്ചുള്ള അപകീർത്തികരമായ കാര്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് വാർത്ത ഏജൻസിയായ എ.എൻ.ഐ നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ ചോദ്യം.
തങ്ങൾ ഇടനിലക്കാർ മാത്രമാണെന്ന് അവകാശപ്പെടുന്ന വിക്കിപീഡിയക്ക് അപകീർത്തികരമായ ഉള്ളടക്കത്തെ ന്യായീകരിക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. കഴിഞ്ഞ മാസം, എ.എൻ.ഐയെ കുറിച്ചുള്ള പേജിൽ തിരുത്തലുകൾ വരുത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവെച്ചതിന് വിക്കിപീഡിയക്ക് ഹൈകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.
മറ്റാരെങ്കിലും എഡിറ്റ് ചെയ്തുവെക്കുന്നതിനെച്ചൊല്ലി വിക്കിപീഡിയ ആശങ്കപ്പെടുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. നിങ്ങൾ ചുമർ മാത്രമാണെങ്കിൽ അതിൽ ആരെങ്കിലും എഴുതിവെക്കുന്നതിനെ ന്യായീകരിക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. എന്നാൽ, തങ്ങൾ അതിനെ ന്യായീകരിക്കുന്നില്ലെന്ന് വിക്കിപീഡിയ പറഞ്ഞു. കേസിൽ ബുധനാഴ്ചയും വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.