അർജുന്റെ കുടുംബത്തിന്റെ പരാതി അവഗണിച്ചിട്ടില്ല- കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: രക്ഷാപ്രവർത്തനം സംബന്ധിച്ച് അർജുന്റെ വീട്ടുകാർ നൽകിയ പരാതി അവഗണിച്ചിട്ടില്ലെന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലത്ത് ഞായറാഴ്ച ഉച്ചക്ക് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകുടവും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും കഴിയും വിധം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അതീവ അപകടരമായ സാഹചര്യത്തിലുള്ള അവരുടെ പ്രവർത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുകയെന്നത് വെല്ലുവിളിയാണെന്നും കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുന്നിനോട് ചേർന്ന ഭാഗത്തെ മണ്ണ് മുഴുവനായും നീക്കരുതെന്നും അല്ലാത്ത പക്ഷം വീണ്ടും മണ്ണിടിച്ചിിന് സാധ്യതയുണ്ടെന്നും ജിയോളജിക്കൽ സർവേ വിഭാഗം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വ്യക്തമാക്കി.
മഴ തുടർച്ചയായി പെയ്യുന്നതിനാൽ രാത്രി രക്ഷാപ്രവർത്തനത്തിലേർപ്പെടരുതെന്നും മുന്നറിയിപ്പുണ്ട്. ഇപ്പോൾ റോഡിലെ മണ്ണ് നീക്കുക മാത്രമാണ് ചെയ്യുന്നത്. വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം തുടർ രക്ഷാ പ്രവർത്തനത്തെക്കുറിച്ച് തീരുമാനിക്കും. ലോറി കരയിലുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോറിയുടെ ഉയരവും നീളവും വീതിയും കണക്കിലെടുത്ത് പരമാവധി മണ്ണുനീക്കി പരിശോധിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മലയാളിയായ അർജുനെ കണ്ടെത്തുന്ന കാര്യത്തിൽ കർണാടകയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന വിമർശനം അദ്ദേഹം നിഷേധിച്ചു. ‘10 പേരെയാണ് കാണാതായത്. അർജുനടക്കം ഇനി മൂന്നുപേരെ കൂടി കണ്ടെത്താനുണ്ട്. രണ്ടുപേർ തദ്ദേശീയരാണ്. ഇത് ഒരാളുടെ മാത്രം കേസല്ല. ഇന്ത്യയുടെ ഏതുഭാഗത്തുള്ളവരായാലും എല്ലാവരും തുല്യരാണ്. ആർക്കും കുറവ് പ്രാധാന്യമോ കുടുതൽ പ്രാധാന്യമോ ഇല്ല. കാണാതായവരുടെ കുടുംബത്തിന്റെ ആശങ്കയും വേദനയും ഞങ്ങൾ മനസ്സിലാക്കുന്നു. കഴിയാവുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്- മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.