ആർ.എസ്.എസുകാരെ ആക്രമിച്ചെന്ന് പരാതി: പ്രതിയുടെ കെട്ടിടം ഇടിച്ചു പൊളിച്ച് ബുൾഡോസർ രാജ്
text_fieldsജയ്പൂർ (രാജസ്ഥാൻ): ആർ.എസ്.എസുകാരെ ആക്രമിച്ചെന്ന പരാതിയിൽ പ്രതിയുടെ കെട്ടിടം ഇടിച്ചു പൊളിച്ച് ബുൾഡോസർ രാജ്. ജയ്പൂരിലെ കർണി വിഹാർ പ്രദേശത്ത് മൂന്ന് ദിവസം മുമ്പ് ക്ഷേത്രവളപ്പിൽ ശരത് പൂർണിമ ആഘോഷ പരിപാടിക്കിടെ ആർ.എസ്.എസ് പ്രവർത്തകരെ ആക്രമിച്ചതിന് പിതാവും മകനും അറസ്റ്റിലായിരുന്നു.
പിന്നീട് ജയ്പൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അതിവേഗം സർവേ നടത്തി ചൗധരിക്ക് നോട്ടീസ് നൽകുകയും 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു. ക്ഷേത്ര ഭൂമിയിൽ അനധികൃതമായാണ് ഇവർ കെട്ടിടം നിർമ്മിച്ചതെന്ന വാദമുയർത്തിയാണ് ഞായറാഴ്ച അധികൃതർ പൊളിച്ചുനീക്കിയത്.
വ്യാഴാഴ്ച രാത്രി ശരത് പൂർണിമ ജാഗരൺ പരിപാടിക്കിടെ നസീബ് ചൗധരിയും മകൻ ഭീക്ഷ്മ ചൗധരിയും മറ്റുള്ളവരും ചേർന്ന് ആർ.എസ്.എസ് പ്രവർത്തകരെ കത്തികളും മറ്റ് ആയുധങ്ങളുമായി ആക്രമിച്ചിരുന്നു.
വൈകുന്നേരങ്ങളിൽ സമീപവാസികൾ ബഹളവും ആൾക്കൂട്ടവും എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയും തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കർണി വിഹാർ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ആർ.എസ്.എസുകാരെ ആക്രമിച്ച കേസിൽ നസീബ് ചൗധരി, ഭാര്യ നിർമല, മകൻ ഭീഷ്മ ചൗധരി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജയ്പൂർ വികസന അതോറിറ്റി ഞായറാഴ്ച കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.