ഭക്ഷണത്തിന് 40 പൈസ കൂടുതൽ വാങ്ങിയെന്ന് പരാതി; പരാതിക്കാരന് 4,000 രൂപ പിഴ
text_fieldsബംഗളൂരു: റസ്‌റ്റാറന്‍റില്‍നിന്നു വാങ്ങിയ ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച് ഹരജി നൽകി കോടതിയുടെ സമയം പാഴാക്കിയതിന് പരാതിക്കാരനോട് 4,000 രൂപ പിഴയടക്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി.
പ്രശസ്തിക്കുവേണ്ടി അനാവശ്യമായി പരാതി നൽകി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് വ്യക്തമാക്കിയാണ് ബംഗളൂരു സ്വദേശിയായ മൂർത്തിക്ക് പിഴ വിധിച്ചത്. 2021 മേയ് 21ന് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റസ്റ്റാറന്‍റില്‍നിന്ന് ഭക്ഷണം പാർസല്‍ വാങ്ങി. 265 രൂപയുടെ ബില്ലാണ് ജീവനക്കാരന്‍ നല്‍കിയത്. എന്നാൽ, ആകെ നിരക്ക് 264.60 രൂപയായിരുന്നു. ബിൽ റൗണ്ട് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് 265 രൂപ ഈടാക്കിയത്.
എന്നാൽ, 40 പൈസ കൂടുതൽ ഈടാക്കിയത് എന്തിനാണെന്ന് ജീവനക്കാരോട് ചോദിച്ചിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് റസ്റ്റാറന്‍റിനെതിരെ മൂർത്തി ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു.
സംഭവം കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ഇതിൽ ഒരു രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മൂർത്തിയുടെ ഹരജി. എന്നാല്‍, സര്‍ക്കാർ നിയമപ്രകാരം 50 പൈസക്ക് മുകളിലുള്ള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് കോടതി നിരീക്ഷിച്ചു. 50 പൈസയിൽ താഴെയുള്ള തുക ഒഴിവാക്കിയും റൗണ്ട് ഓഫ് ചെയ്യാമെന്നാണ് നിയമം.
ബില്ലിലെ തുക 50 പൈസക്ക് മുകളിലായി 60 പൈസയായതിനാലാണ് ഒരു രൂപയാക്കിയതെന്ന് റസ്റ്റാറൻറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ പരാതി അനാവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരന് 4,000 രൂപ പിഴ വിധിച്ചു. വിധി വന്ന് 30 ദിവസത്തിനുള്ളിൽ 4000 രൂപയിൽ 2,000 രൂപ റസ്റ്റാറന്‍റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.