യാത്രക്കാർക്ക് നമസ്കരിക്കാൻ ബസ് നിർത്തിയെന്ന് പരാതി; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
text_fieldsയാത്രക്കിടെ രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാൻ ബസ് അഞ്ച് മിനിറ്റ് അധികം നിർത്തിയെന്ന പരാതിയെ തുടർന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. ഉത്തർ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (യു.പി.എസ്.ആർ.ടി.സി) ഡ്രൈവറെയും കരാറിൽ ജോലി ചെയുന്ന കണ്ടക്ടറെയുമാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡൽഹിയിലേക്കുള്ള 'ജൻരഥ്' എ.സി ബസാണ് യാത്രക്കാർക്കായി കുറച്ച് നേരം നിർത്തിയത്. 14 യാത്രക്കാരുമായി പുറപ്പെട്ട ബസ് രാത്രി റാംപൂർ ജില്ലയിലെ മിലാക് എന്ന സ്ഥലത്ത് ദേശീയപാത 24ൽ നിർത്തിയതാണ് നടപടിക്ക് കാരണം.
കുറച്ചുപേർക്ക് ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയപ്പോൾ രണ്ട് യാത്രക്കാർ നമസ്കരിക്കുന്ന വിഡിയോ എടുത്ത് ഒരാൾ ട്വിറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു. പരാതിയെ തുടർന്ന് ഡ്രൈവർ കെ.പി സിങ്, കണ്ടക്ടർ മോഹിത് യാദവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, ബസിൽ 14 യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ചുപേർക്ക് ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയെന്നും ഈ സമയം രണ്ട് യാത്രക്കാർ നമസ്കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അഞ്ച് മിനിറ്റ് അധികം നിർത്തുകയായിരുന്നെന്നും ഡ്രൈവർ പറഞ്ഞു. എന്തെങ്കിലും തെറ്റ് ചെയ്തതായി കരുതുന്നില്ല. സസ്പെൻഷനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരിൽനിന്ന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിയെന്നും തിരക്കേറിയ ഹൈവേയിൽ ബസ് നിർത്തി യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഡ്രൈവറെയും സഹ ഡ്രൈവറെയും സസ്പെൻഡ് ചെയ്തതെന്നും യു.പി.എസ്.ആർ.ടി.സി റീജനൽ മാനേജർ (ബറേലി), ദീപക് ചൗധരി പറഞ്ഞു. അതേസമയം, സസ്‌പെൻഡ് ചെയ്ത രണ്ട് ജീവനക്കാർക്കും പിന്തുണയുമായി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. കൃത്യമായ അന്വേഷണമില്ലാതെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ലെന്നും അത്തരം പരാതികളിൽ സമിതി രൂപവത്കരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം നടപടിയെടുക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഹരിമോഹൻ മിശ്ര പറഞ്ഞു.
മറ്റ് യാത്രക്കാർക്കായാണ് ബസ് നിർത്തിയതെന്നും ഒപ്പം ഞങ്ങൾക്ക് പ്രാർഥന നടത്താൻ സമയം നൽകിയതിന് ഇത്തരമൊരു നടപടി സ്വീകരിച്ചതിൽ ആശ്ചര്യപ്പെടുന്നെന്നും ജീവനക്കാർക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും യാത്രക്കാരിലൊരാളായ അഹമ്മദാബാദ് സ്വദേശി ഹുസൈൻ മൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.