പൗരത്വപ്പട്ടിക പുതുക്കൽ: മുൻ കോർഡിനേറ്റർ ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പരാതി
text_fieldsഗുവാഹതി: അസമിലെ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) പുതുക്കുന്നതിനിടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് എൻ.ആർ.സി അസം മുൻ കോർഡിനേറ്റർ പ്രതീക് ഹജേലക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ സി.ഐ.ഡിക്ക് പരാതി. എൻ.ആർ.സി അസം കോർഡിനേറ്റർ ഹിതേഷ് ദേവ് ശർമയാണ് പ്രതീക് ഹജേലക്കും ഡി.ടി.പി ഓപറേറ്റർ ഉൾപ്പെടെ ഒപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥ സംഘത്തിനുമെതിരെ പരാതി നൽകിയത്. എന്നാൽ, സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് മുതിർന്ന സി.ഐ.ഡി ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എൻ.ആർ.സി ഓഫിസിൽ നിന്നും ഇത്തരമൊരു പരാതി ലഭിച്ചതായി അവർ സ്ഥിരീകരിച്ചു. കുടുംബ വേരുകൾ വ്യക്തമായി പരിശോധിക്കാതെയാണ് ഹജേല പുതുക്കിയ പട്ടിക പുറത്തുവിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തേണ്ട നിർബന്ധ പരിശോധന ഹജേല മനഃപൂർവം ഒഴിവാക്കുകയായിരുന്നു. ഇത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും പരാതിയിൽ പറയുന്നു.
അസമിൽ ദേശീയ പൗരത്വപ്പട്ടിക പുതുക്കുന്നതിനായി 2013ൽ സുപ്രീംകോടതിയാണ് അസം-മേഘാലയ കേഡർ ഐ.എ.എസുകാരനായ പ്രതീക് ഹജേലയെ എൻ.ആർ.സി കോർഡിനേറ്റർ ആയി നിയമിക്കുന്നത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരുന്നു പുതുക്കൽ പ്രവൃത്തി. തുടർന്ന് 2019 ആഗസ്റ്റ് 13ന് പുറത്തുവിട്ട പട്ടികയിൽനിന്ന് 19 ലക്ഷത്തോളം പേർ പുറത്തായി.
എന്നാൽ, പുതുക്കിയ പൗരത്വപ്പട്ടിക രജിസ്ട്രാർ ജനറൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല. 2019 നവംബർ 12ന് കോടതി ഹജേലയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയിരുന്നു. മുമ്പും ഹജേലക്കെതിരെ ഇത്തരം പരാതികൾ ഉണ്ടായിട്ടുണ്ട്. സുപ്രീംകോടതിയിലും ഇതേ വിഷയത്തിൽ ഹരജികൾ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.