രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ
text_fieldsന്യൂഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് പരാതി. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താലാണ് പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ അയോഗ്യനായതായി പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ സ്പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്.
മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവുശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ചത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്.
"ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.." എന്നായിരുന്നു രാഹുലിന്റെ പരാമർശം. അത് മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. വിചാരണക്കിടെ രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായത്.
വിധിക്ക് പിന്നാലെ 10,000 രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചിട്ടുണ്ട്. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണെന്ന് അദ്ദേഹത്തിന്‍റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഭയം മൂലം രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അവർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.