യു.പിയിൽ രാഷ്ട്രീയ ജാതി റാലി വിലക്കിയ വിധി: തെരഞ്ഞെടുപ്പ് കമീഷനും പാർട്ടികൾക്കും ഹൈകോടതി നോട്ടീസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ റാലികൾ വിലക്കി 2013ൽ ഇറക്കിയ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതി, തെരഞ്ഞെടുപ്പ് കമീഷനും നാലു രാഷ്ട്രീയ പാർട്ടികൾക്കും പുതിയ നോട്ടീസ് അയച്ചു. വിഷയത്തിലെ കോടതി നടപടികളിൽ പങ്കെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അനുയോജ്യ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതുവരെ സംസ്ഥാനത്ത് ഇത്തരം റാലികൾ വിലക്കുന്നുവെന്നായിരുന്നു 2013 ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പി, കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി എന്നിവർക്കുമാണ് നോട്ടീസ് അയച്ചത്. ഇതിൽ ഡിസംബർ 15ന് വാദം കേൾക്കും.
വിഷയത്തിൽ കഴിഞ്ഞ നവംബറിൽ നടന്ന വിചാരണയിൽ കമീഷന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ അഭിഭാഷകർ ഹാജരാവുകയോ വിശദീകരണം നൽകുകയോ ഉണ്ടായില്ലെന്ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡൽ, ജസ്റ്റിസ് ജസ്പ്രീത് സിങ് എന്നിവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിറകെയാണ്, അടുത്ത വിചാരണ തീയതിയിൽ പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ സ്വാധീനിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ചട്ടങ്ങളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മോത്തിലാൽ യാദവ് നൽകിയ പൊതു താൽപര്യഹരജിയിലാണ് നടപടികളുടെ ആരംഭം.
ഇതു പരിഗണിച്ചാണ്, ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഭരണഘടനയുടെ 226ാം വകുപ്പ് അനുസരിച്ചുള്ള അധികാരമുപയോഗിച്ച് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നതെന്നും കോടതി വിശദീകരിച്ചത്. ''പരമ്പരാഗത ജാതിവ്യവസ്ഥക്ക് മിക്കയിടത്തും അരാഷ്ട്രീയ സ്വഭാവമാണുള്ളത്. എന്നാൽ ഇതിൽ തങ്ങളുടെ അടിത്തറ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമം സാമൂഹിക ഘടനയേയും സഹവർത്തിത്വത്തെയും അസ്വസ്ഥമാക്കും.'' -2013ലെ വിചാരണയിൽ കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.