Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവകുപ്പു​മന്ത്രി മാഡം...

വകുപ്പു​മന്ത്രി മാഡം സ്മൃതി ഇറാനി നിശബ്ദയാണ്...ആ കുഞ്ഞിനെ ക്രൂരമായി തല്ലിയത് അവർ അറിഞ്ഞിട്ടില്ലേ?

text_fields
bookmark_border
Smriti Irani
cancel

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ രാജ്യത്തെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികരിക്കാതെ കേന്ദ്ര വനിത, ശിശു വികസന, ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി. ക്ലാസിലെ മുസ്‍ലിം കുട്ടിയെ സഹപാഠികളായ വിദ്യാർഥിക​ളെക്കൊണ്ട് തല്ലിച്ച അധ്യാപികയുടെ ഹീനകൃത്യത്തിനെതിരെ രാജ്യമെങ്ങും കനത്ത ​പ്രതിഷേധമുയർന്നിട്ടും അതി​നെതിരെ കേവല പ്രസ്താവന പോലും നടത്താൻ ബന്ധപ്പെട്ട വകുപ്പു കൈയാളുന്ന സ്മൃതി ഇറാനി തയാറായിട്ടില്ല. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നതുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ് ആയിട്ടും വിഷയത്തിൽ ഒരു ട്വീറ്റുപോലും മന്ത്രിയുടെ വകയായി ഇല്ല.

പ്രധാനമന്ത്രിയുടെ ഐ.എസ്.ആർ.ഒ സന്ദർശനത്തിന്റെയും അമേത്തിയിലെ വികസന പ്രവർത്തനങ്ങളുടെയും മോദിക്ക് ഗ്രീക്ക് പുരസ്കാരം ലഭിച്ചതിന്റെയുമൊക്കെ ട്വീറ്റുകൾ കഴിഞ്ഞ മണിക്കൂറുകളിൽ തരാതരം പോലെ സ്മൃതി തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ആ എട്ടുവയസ്സുകാരനെ തല്ലാൻ സഹപാഠികൾക്ക് നിർദേശം നൽകുകയും അതു കണ്ട് രസിക്കുകയും ചെയ്യുന്ന തൃപ്ത ത്യാഗി എന്ന അധാപികയുടെ ക്രൂര ചെയ്തിയെക്കുറിച്ച് സ്മൃതി ഇറാനി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമുയരുകയാണ്. സ്മൃതി ഇറാനിക്കെതിരെ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നു.

‘ഇതാണ് സ്മൃതി ഇറാനി. കേന്ദ്ര വനിതാ, ശിശു വികസന, ന്യൂനപക്ഷ കാര്യ മന്ത്രി. അവർക്ക് അനുവദിച്ച വകുപ്പുകളിൽ താൽപര്യമില്ലാതെ, സ്വയം ’ഗാന്ധി കുടുംബകാര്യ മന്ത്രാലയം’ എന്ന വകുപ്പ് രഹസ്യമായി സ്വയം ഏ​റ്റെടുത്ത് അവിടെ പൂർണമായും ഇടപെടുകയും കൊച്ചുകാര്യങ്ങൾ വരെ ശ്രദ്ധിക്കുകയും ചെയ്യുന്നു. യു.പിയിലെ മുസാഫർനഗറിലെ ഒരു അധ്യാപിക ഒരു മുസ്‍ലിം വിദ്യാർഥിയെ സഹപാഠികൾക്ക് മുന്നിലിട്ട് തല്ലാൻ ക്ലാസിലെ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. ആ വിദ്യാർഥിയെ ശക്തമായി തല്ലാത്തതിന് മറ്റു കുട്ടികളെ ശകാരിക്കുന്നു. കുറ്റക്കാരനായ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം രാജ്യത്തുടനീളം ഉയർന്നുവരുന്നു. പക്ഷേ, മാഡം സ്മൃതി ഇറാനി നിശബ്ദയാണ്. രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ അടുത്ത പ്രസംഗം തയാറാക്കുന്ന തിരക്കിലായിരിക്കണം’ -ഒരാൾ എഴുതി.

‘മുസ്‍ലിം മതത്തിൽ പെട്ടവനാണെന്ന കാരണത്താൽ ഒരു കൊച്ചുകുട്ടിയെ അവന്റെ അധ്യാപിക സഹപാഠികളോട് തല്ലാൻ നിർദേശിക്കുന്നു. ഒരു മതത്തോട് ഇത്രയധികം വിദ്വേഷം ഉള്ളിൽ കൊണ്ടുനടക്കുന്നതിന് ആ സ്ത്രീ ശിക്ഷിക്കപ്പെടണം. പക്ഷേ, നമ്മുടെ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇതുവരെ ഒന്നും മിണ്ടിയിട്ടിട്ടില്ല. രാഹുൽ ഗാന്ധി ഈ വിഷയം ഉന്നയിക്കുന്നതുവരെ അവരൊന്നും പറയില്ല. അതിനുശേഷം, അവർ വാർത്താസമ്മേളനത്തിൽ ശബ്ദമലിനീകരണം സൃഷ്ടിക്കാൻ തുടങ്ങുമായിരിക്കും’ -മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

നേഹ പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മർദനത്തിനിരയായ കുട്ടി പറഞ്ഞു. മുമ്പും വിദ്യാർഥികളെ സഹപാഠികളെ ​കൊണ്ട് തല്ലിക്കുന്ന ശീലം തൃപ്ത ത്യാഗി എന്ന അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദനമേറ്റ കുട്ടിയു​ടെ മാതാവ് റുബീന മാധ്യമങ്ങളോാട് പറഞ്ഞു.

വൈറൽ വിഡിയോ പരിശോധിച്ചതായും സ്കൂളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാത്തതിനാണ് കുട്ടിയെ മർദിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലായ​തെന്നുമാണ് പൊലീസ് സർക്കിൾ ഓഫിസർ രവിശങ്കറിന്റെ പ്രതികരണം. വിഷയം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ കൂടാതെ ടീച്ചറെയും മറ്റൊരാളെയും വിഡിയോയിൽ കാണുന്നുണ്ടെന്നും അയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും വിദ്യാഭ്യാസ ഓഫിസർ ശുഭം ശുക്ല പറഞ്ഞു. ഇരുവർക്കെതിരെയും സ്കൂൾ മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iraniMuzaffarnagar Schoolviral videotripta tyagiUP Child Slapped
News Summary - Complete silence from the Smriti Irani in Muzaffarnagar School Viral Video incident
Next Story