ത്രിപുരയിൽ നടന്നത് തികച്ചും അപ്രതീക്ഷിതം- മാണിക് സർകാർ
text_fieldsഅഗർത്തല: ത്രിപുരയിൽ 25 വർഷത്തെ സി.പി.എം ഭരണത്തിനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ താൽക്കാലിക വിരാമമായിരിക്കുന്നത്. നാലു തവണ മുഖ്യമന്ത്രി പദത്തിലെത്തിയ മാണിക് സർകാർ ഉപചാരം ചൊല്ലി പടിയിറങ്ങിയിരിക്കുന്നു. ത്രിപുരയിൽ നടന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവമാണെന്നാണ് ജനങ്ങളുടെ ആരാധ്യനേതാവ് മാണിക് ദായുടെ പ്രതികരണം.
‘‘തീർത്തും അപ്രതീക്ഷിതമായിരുന്നു ബി.ജെ.പിയുടെ ജയം. അത്തരമൊരു ഫലം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട് തോൽവിയെന്നത് പരിശോധിക്കും’’^ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ മാണിക് സർക്കാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ചു വരികയാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. കണക്കുകൾ പരിശോധിക്കാതെ എവിടെയാണ് പിഴച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്ങിനെയാണ് വോട്ടുകൾ ചോർന്നതെന്ന് ബൂത്ത് തലത്തിൽ പരിശോധിക്കും. പ്രാഥമിക നിരീക്ഷണത്തിൽ ചില പിന്നാക്ക സമുദായങ്ങളും ആദിവാസി വിഭാഗവും ബി.ജെ.പിക്കൊപ്പം നിന്നതായാണ് കണ്ടതെന്നും മാണിക് സർക്കാർ പറഞ്ഞു.
ത്രിപുരയിൽ 60 സീറ്റുകളിൽ 43 എണ്ണവും തൂത്തുവാരിയാണ് ബി.ജെ.പി ആദ്യമായി ഭരണം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.