സിസോദിയയുടെ വസതി കൈമാറുന്നുവെന്ന വാർത്ത ചോർന്നതിൽ ലഫ്.ഗവർണർക്കെതിരെ എ.എ.പി
text_fieldsന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി വിദ്യാഭ്യാസ മന്ത്രി അതിഷിക്കു കൈമാറിയെന്ന വാർത്തകൾ പുറത്തായതിൽ ലഫ്. ഗവർണർക്കെതിരെ ആഞ്ഞടിച്ച് എ.എ.പി. ഇത്തരം വാർത്തകൾ മാധ്യമപ്രവർത്തകർക്ക് ചോർത്തി നൽകുന്നതു വഴി ഭരണഘടനപരമായ പദവി ദുരുപയോഗം ചെയ്യുകയാണ് ലഫ്. ഗവർണർ വി.കെ. സക്സേനയെന്ന് എ.എ.പി വിമർശിച്ചു.
എ.എ.പിക്കെതിരെ വിദ്വേഷം പരത്തുകയല്ലാതെ മറ്റൊരു ജോലിയും ലഫ്. ഗവർണർക്കില്ല. ഒരു വനിതാ ആക്ടിവിസ്റ്റിനെ തെരുവിൽ ആക്രമിക്കുന്നത് രാജ്യം മുഴുവൻ വൈറലായ ക്ലിപ്പിൽ കണ്ട ഒരാൾ വിശേഷാധികാര വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തുന്നത് വിരോധാഭാസമാണ്. ഒരു മന്ത്രി രാജിവെച്ചാൽ അദ്ദേഹം തന്റെ ഔദ്യോഗിക വസതി 15 ദിവസത്തിനകം ഒഴിയണമെന്നത് നിയമമാണ്. ഈ നിയമം പാലിച്ചാണ് കെജ്രിവാൾ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മദ്യനയകേസിൽ സിസോദിയയെ അറസ്റ്റ് ചെയ്തത് അനീതിയാണെന്നും പാർട്ടി അദ്ദേഹത്തിനു പിന്നിൽ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും എ.എ.പി പറഞ്ഞു. ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. മാർച്ച് ആറിന് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി വീണ്ടും നീട്ടിയിരുന്നു. സിസോദിയ മന്ത്രിസ്ഥാനം രാജിവെച്ച ശേഷം വിദ്യാഭ്യാസം, വൈദ്യുതി, പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ അതിഷിക്കാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.