ബി.ജെ.പി വിട്ട് കോൺഗ്രസിനെ പിന്തുണച്ച 'കമ്പ്യൂട്ടർ ബാബ'യുടെ ആശ്രമം പൊളിച്ച് മധ്യപ്രദേശ് സർക്കാർ
text_fieldsഇൻഡോർ: അനധികൃത കയ്യേറ്റം ആരോപിച്ച് 'കമ്പ്യൂട്ടർ ബാബ' എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ നാംദേവ് ത്യാഗിയുടെ ആശ്രമം പൊളിച്ചുമാറ്റി മധ്യപ്രദേശ് സർക്കാർ. മുൻകരുതൽ നടപടിയുടെ ഭാഗമായി ത്യാഗി ഉൾപ്പെടെ ആറു പേരെ പൊലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു പൊളിച്ചുമാറ്റൽ.
ഇൻഡോർ നഗരത്തിലെ ജംപൂർദി ഹാപ്സിക്കു സമീപമുള്ള 40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ത്യാഗിയുടെ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സർക്കാർ ഭൂമിയിൽ അനധികൃത കയ്യേറ്റവും നിർമാണവും കണ്ടെത്തിയതിനെതുടർന്നാണ് പൊളിച്ചതെന്ന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് (എ.ഡി.എം) അജയ് ദേവ് ശർമ്മ പറഞ്ഞു.
റവന്യൂ വിഭാഗം നേരത്തേ ആശ്രമം അധികൃതർക്ക് കയ്യേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അത് ത്യാഗിയും കൂട്ടരും അവഗണിക്കുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിച്ച പ്രദേശത്ത് ഗോശാലയും മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലവും നിർമിക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തേ ശിവ്‌രാജ് സിങ് ചൗഹാന്‍റെ ബി.ജെ.പി മന്ത്രിസഭയിൽ സഹമന്ത്രി പദവി ലഭിച്ചിരുന്നയാളാണ് നാംദേവ്. പിന്നീട് തെറ്റിപ്പിരിഞ്ഞു. കോൺഗ്രസിന്‍റെ കമൽനാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന നദി സംരക്ഷണ ട്രസ്റ്റിന്‍റെ ചെയർമാനായിരുന്നു. മധ്യപ്രദേശിൽ നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.