ലാൽസലാമും കോമ്രേഡ് വിളിയും വേണ്ട; എൻ.ഐ.എ യു.എ.പി.എ ചുമത്തും
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിൽ ലാൽസലാം പറയുകയും കോമ്രേഡ് വിളിക്കുകയും ലെനിെൻറ ചിത്രം പോസ്റ്റ് ചെയ്യുന്നതും യു.എ.പി.എ ചുമത്താനുള്ള കുറ്റമായി കണക്കാക്കി ദേശീയ സുരക്ഷ ഏജൻസി (എൻ.ഐ.എ). അസമിലെ കർഷക നേതാവ് അഖിൽ ഗോഗോയ്യുടെ അനുയായി ബിട്ടു സോനൊവാലിനെതിരെ തയാറാക്കിയ കുറ്റപത്രത്തിലാണ് ഇവയെല്ലാം യു.എ.പി.എ ചുമത്താനുള്ള കുറ്റമായി പറയുന്നത്.
ലെനിെൻറ ചിത്രം പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കളെ ലാൽസലാം, കോമ്രേഡ് എന്നീ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തുവെന്നതുമാണ് ബിട്ടു സോനൊവാലിനെതിരെ യു.എ.പി.എ ചുമത്താനുള്ള കുറ്റമായി കണക്കാക്കിയത്. കുറ്റപത്രത്തിെൻറ പകർപ്പ് ദേശീയമാധ്യമം പുറത്തുവിട്ടു.
സോനേവാലിനെയും ഗൊഗോയുടെ രണ്ടു അനുയായികെളയും യു.എ.പി.എ വകുപ്പുകൾ ചേർത്ത് ഈ വർഷം ആദ്യമാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മാർച്ച് 29നാണ് സോനേവാലിനെതിരെ 40 പേജുള്ള കുറ്റപത്രം എൻ.ഐ.എ സമർപ്പിച്ചത്. ലെനിെൻറ ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നും അതിെൻറ അടിക്കുറിപ്പായി ‘മുതലാളിത്തം തന്നെ അവരെ തൂക്കികൊല്ലാനുള്ള കയർ നമുക്ക് വിൽക്കും’ എന്ന് ചേർത്തിട്ടുണ്ടെന്നും പറയുന്നു. കൂടാതെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്നതിനായി കോമ്രേഡ്, ലാൽസലാം എന്നീ വാക്കുകൾ ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
അസമിലെ കർഷക സംഘടനയായ കെ.എം.എസ്.എസ് നേതാവാണ് അഖിൽ ഗൊഗോയ്. ഗോഗോയെ കഴിഞ്ഞവർഷം ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. അസമിലെ പൗരത്വ പ്രക്ഷോഭത്തിനിടെയാണ് ഗൊഗോയ് അറസ്റ്റിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.