ഇന്ധനവില തിരിച്ചടിയാകുമെന്ന് ആശങ്ക; കേന്ദ്രം ചർച്ചയിൽ
text_fieldsന്യൂഡൽഹി: കടുത്ത ജനരോഷം മുൻനിർത്തി പെട്രോൾ, ഡീസൽ വില കുറക്കുന്നതിെൻറ സാധ്യതാചർച്ചയിൽ കേന്ദ്രം. മൂന്നക്കത്തിൽനിന്ന് വില താഴ്ന്നില്ലെങ്കിൽ യു.പി അടക്കം മാസങ്ങൾക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ഈ വിഷയം ആയുധമാക്കുമെന്ന തിരിച്ചറിവിൽ കൂടിയാണ് ചർച്ചകൾ. എന്നാൽ, വിലയോ എക്സൈസ് തീരുവയോ കുറക്കുന്നതിെൻറ വ്യക്തമായ നടപടികളിലേക്ക് കടന്നിട്ടില്ല.
അസംസ്കൃത എണ്ണ നൽകുന്ന രാജ്യങ്ങളോട് വില കുറച്ചു തരണമെന്ന ആവശ്യം ഉയർത്താനാണ് ഒരു ചർച്ച. തീരുവ കുറക്കുക വഴി വരുമാനനഷ്ടത്തിൽ ചെറിയൊരു പങ്ക് കേന്ദ്രം ഏറ്റെടുക്കുേമ്പാൾ, സംസ്ഥാനങ്ങളെക്കൂടി പ്രാദേശിക നികുതി കുറക്കാൻ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചും ധനമന്ത്രാലയത്തിൽ ചർച്ച നടക്കുന്നു. സംസ്ഥാനങ്ങൾ ശക്തമായി എതിർക്കുന്നതിനാൽ പെേട്രാളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് നടപ്പില്ലാത്ത സ്ഥിതിയുമാണ്.
പെട്രോളിന് ഡൽഹിയിൽ ലിറ്ററിന് 105.84 രൂപയെന്ന സർവകാല റെക്കോഡിലെത്തി. മുംബൈയിൽ ഇത് 111.77 രൂപയാണ്. ഡീസലിന് യഥാക്രമം 94.57 രൂപയും 102.52 രൂപയുമായി. വിമാന ഇന്ധനത്തിന് ലിറ്ററിന് ശരാശരി 79 രൂപയാണ് ഡൽഹിയിൽ വില.
ബി.ജെ.പി അധികാരത്തിൽ വരുന്നതിനുമുമ്പ് 2014ൽ പെട്രോളിയം ഉൽപന്നങ്ങളിൽനിന്ന് കേന്ദ്രത്തിന് കിട്ടിയിരുന്ന നികുതിവരുമാനം 65,000 കോടിയായിരുന്നത് ഇന്ന് 3.50 ലക്ഷം കോടി രൂപയാണെന്ന് ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ മുൻ ധനമന്ത്രി യശ്വന്ത് സിൻഹ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പകൽക്കൊള്ളയല്ലാതെ മറ്റെന്താണെന്ന അദ്ദേഹത്തിെൻറ ചോദ്യത്തോട് ബി.ജെ.പി ഇനിയും പ്രതികരിച്ചിട്ടില്ല. സാദാ ചെരിപ്പിട്ടു നടക്കുന്നവർക്കും വിമാനത്തിൽ കയറാവുന്ന കാലം വരുമെന്ന് അധികാരത്തിലേറിയ സമയത്ത് പറഞ്ഞ ബി.ജെ.പിയുടെ ഭരണം ഏഴു വർഷം പിന്നിട്ടപ്പോൾ ഇന്ധനവില കൂടിക്കൂടി റോഡിലൂടെപോലും പോകാൻ പറ്റാത്ത സ്ഥിതിയായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. വിമാന ഇന്ധനത്തേക്കാൾ വില പെട്രോളിന് കൊടുക്കേണ്ട സ്ഥിതിയാണ് ഇപ്പോഴത്തേതെന്നും പ്രിയങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.