ആശുപത്രി തീപിടിത്തം: അനുശോചനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സർക്കാർ ആശുപത്രിയിലെ എസ്.എൻ.സി.യുവിലുണ്ടായ തീപിടിത്തത്തിൽ 10 കുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സംഭവം ഹൃദഭേദകമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അതിദാരുണമായ സംഭവമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചന കുറിപ്പിൽ അറിയിച്ചു.
അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും രാഷ്ട്രപതി അറിയിച്ചു.
ഹൃദയേഭദകമായ ദുരന്തമാണിത്. വിലയേറിയ ജീവനുകൾ നഷ്ടപ്പെട്ടു. ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരും അനുശോചനം അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ജില്ല ജനറൽ ആശുപത്രിയിലെ എസ്.എൻ.സി.യുവിലുണ്ടായ (സിക് ന്യൂബോൺ കെയർ യൂനിറ്റ്) തീപിടിത്തമാണ് ദുരന്തമായത്. പുലർച്ചെ രണ്ടോടെയുണ്ടായ അപകടത്തിൽനിന്നും ഏഴു കുട്ടികളെ രക്ഷപ്പെടുത്താൻ സാധിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സുമാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരു ദിവസം മുതൽ മൂന്നു മാസം വരെ പ്രായമുള്ള 17 കുട്ടികളാണ് എസ്.എൻ.സി.യുവിൽ ഉണ്ടായിരുന്നത്.
മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ഭണ്ഡാര. അപകട കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും അടിയന്തര പരിശോധന നടത്താനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.