യു.പിയിൽ മദ്റസകളിൽ സർവേ നടത്തുന്നു; പിറകെ ബുൾഡോസർ വരുമെന്ന് സംഘടനകൾ
text_fieldsലഖ്നോ: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മദ്റസകളെ കുറിച്ച് സർവേ നടത്താനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് മതസ്ഥാപന നടത്തിപ്പുകാരും സാമൂഹിക രാഷ്ട്രീയ സംഘടനകളും. ഇത്തരം സ്ഥാപനങ്ങളെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിലേക്കും ബുൾഡോസറുകൾവെച്ച് ഇടിച്ചു നിരപ്പാക്കുന്നതിലേക്കും സർക്കാർ നടപടി നയിക്കുമെന്ന് വിവിധ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. ഈ മാസം ആറിന് ഡൽഹിയിൽ നടന്ന ജംഇയ്യതുൽ ഉലമായെ ഹിന്ദ് യോഗത്തിലാണ് യു.പി സർക്കാറിന്റെ പുതിയ നീക്കത്തിലെ ആശങ്ക ചർച്ച ചെയ്യപ്പെട്ടത്. സ്വകാര്യ മദ്റസകളെക്കുറിച്ച് സർക്കാർ വിവരശേഖരണം നടത്തുന്നതിൽ ആർക്കും എതിർപ്പില്ലെന്നും എന്നാൽ സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നോ എന്നത് സംബന്ധിച്ച് ജാഗ്രതയുണ്ടാകണമെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ അർഷദ് മദനി പറഞ്ഞു.
ഇതിനിടെ, സർവേ നീക്കത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ബി.എസ്.പി നേതാവ് മായാവതിയും രംഗത്തെത്തി. സർവേയിലൂടെ ഒരു മിനി എൻ.ആർ.സി (ദേശീയ പൗരത്വ രജിസ്റ്റർ) ആണ് സർക്കാർ നടപ്പാക്കുന്നതെന്നാണ് ഉവൈസിയുടെ പ്രതികരണം. മുസ്ലിംകളെ ഭീകരവാദികളാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മായാവതിയും പ്രതികരിച്ചു.
സമുദായത്തിന്റെ ആശങ്ക സർക്കാറിനെ അറിയിക്കാനും സർവേ സൂക്ഷ്മമായി നിരീക്ഷിക്കാനും അന്യായങ്ങൾക്കെതിരെ പ്രതിഷേധിക്കാനും പ്രത്യേക സമിതിയെ നിയമിക്കാനും ജംഇയ്യതുൽ ഉലമ യോഗം തീരുമാനിച്ചു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി 24ന് ദയൂബന്ദിൽ യോഗം ചേരും.
അതേസമയം, ഇത്തരം ആശങ്കകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പ്രതികരിച്ചു. ഒരു മത പഠനകേന്ദ്രവും തകർക്കില്ലെന്ന് പറഞ്ഞ അൻസാരി ഇത്തരം മദ്റസകളെ മുഖ്യധാരയിൽ കൊണ്ടുവരാനും വിദ്യാർഥികൾക്ക് സയൻസ്, കമ്പ്യൂട്ടർ തുടങ്ങിയവ പഠിക്കാൻ സാഹചര്യമൊരുക്കാനും വേണ്ടിയാണ് സർവേയെന്ന് പറഞ്ഞു. സർവേയിൽ മദ്റസകൾക്കാവശ്യമായ പദ്ധതികളെക്കുറിച്ച് ഉടമകളോട് ആരായുമെന്നും അവർക്ക് തങ്ങളുടെ വികസന പദ്ധതികൾ സർക്കാറിന് സമർപ്പിക്കാൻ കഴിയുമെന്നും അൻസാരി കൂട്ടിച്ചേർത്തു.
മദ്റസയുടെ ഉടമ ആര്, കുട്ടികളുടെ എണ്ണം, മറ്റ് ഭൗതിക സൗകര്യങ്ങൾ, അധ്യാപകരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾക്കൊപ്പം, പഠിപ്പിക്കുന്ന സിലബസ്, വരുമാന മാർഗം, ഏതെങ്കിലും സംഘടനയുടെ പിന്തുണയോടെയാണോ പ്രവർത്തിക്കുന്നത് എന്നു തുടങ്ങിയ വിവരങ്ങളും സർവേയിൽ ശേഖരിക്കുന്നുണ്ട്.കഴിഞ്ഞ 31നാണ് സ്വകാര്യ മദ്റസകളിൽ സർവേ നടത്താൻ യു.പി സർക്കാർ തീരുമാനിച്ചത്. ഒക്ടോബർ 15നകം പൂർത്തിയാക്കാനും 25ന് റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം. സംസ്ഥാനത്ത് 16,461 മദ്റസകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 560 എണ്ണം സർക്കാറിൽ രജിസ്റ്റർ ചെയ്യുകയും സാമ്പത്തിക സഹായം നേടുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.