ഹിമാചൽ കയറ്റം കഠിനം; ആത്മവിശ്വാസം പോരാതെ പാർട്ടികൾ
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് കച്ചമുറുക്കുന്ന മൂന്നു പാർട്ടികൾക്കും ആത്മവിശ്വാസം പോരാ. ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ പോരും അതിജീവിക്കണം. ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഭരണം മാറിമാറി വരുന്നതാണ് സംസ്ഥാനത്തെ പതിവെങ്കിലും, നല്ല നേതാക്കളുടെ ദാരിദ്ര്യം അടക്കം സംഘടനാപരമായ പ്രശ്നങ്ങളിലാണ് കോൺഗ്രസ്.
ഈ രണ്ടു ബലഹീനതകൾ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാമെന്ന് കരുതിയ ആം ആദ്മി പാർട്ടിക്കാകട്ടെ, പരിക്കേറ്റത് അവിചാരിതമായാണ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു കളം നിയന്ത്രിച്ചു പോന്ന ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ അഴിമതി കേസിൽ അറസ്റ്റിലായതോടെ ആപ്പിന് മുദ്രാവാക്യത്തിന്‍റെ മുനയൊടിഞ്ഞ സ്ഥിതി.
സംസ്ഥാനത്ത് നിയമസഭ സീറ്റുകൾ 68. ബി.ജെ.പിക്ക് ഇപ്പോഴുള്ള എം.എൽ.എമാർ 45. കോൺഗ്രസിന് 22. ഒരു സീറ്റിൽ സി.പി.എം വിജയിച്ചു. 2017ൽ അധികാരം പിടിച്ച ബി.ജെ.പിക്ക് 48.8 ശതമാനം വോട്ട് കിട്ടുക മാത്രമല്ല, തൊട്ടു മുമ്പത്തെ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 18 സീറ്റ് കൂടുതൽ പിടിക്കാനും സാധിച്ചു.
കോൺഗ്രസിന് 41.7 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. 15 സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ഇവിടെനിന്ന് ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞാൽ മാത്രമാണ് കോൺഗ്രസിന് ഭരണം പിടിക്കാനാവുക. സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാവും മുൻമുഖ്യമന്ത്രിയുമായ വീരഭദ്ര സിങ് കഴിഞ്ഞ വർഷം മരിച്ചു.
പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി അടക്കമുള്ളവർക്ക് താരപ്രഭ പോരാ. തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഉണർത്താൻ നടത്തുന്ന പരിവർത്തൻ പ്രതിജ്ഞ റാലിയിലേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച പറന്നെത്തിയത് ഇത്തരം സാഹചര്യങ്ങൾക്കിടയിലാണ്.
മുൻകേന്ദ്രമന്ത്രി സുഖ്റാമിന്‍റെ കുടുംബവും അദ്ദേഹം കുത്തകയാക്കി വെച്ച മാണ്ഡി ജില്ലയുമെല്ലാം ബി.ജെ.പി കൈയടക്കിയ സ്ഥിതിയായി. സുഖ്റാമിന്‍റെ മകൻ അനിൽ ശർമ ബി.ജെ.പി എം.എൽ.എയാണ്. ചെറുമകൻ ആശ്രയ ശർമ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് ബി.ജെ.പിയുമായി ചങ്ങാത്തത്തിലാണ് നീങ്ങുന്നത്.
കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ നാലു സീറ്റും കൈയടക്കിയത് ബി.ജെ.പിയാണ്. ഇത്തരത്തിൽ ബി.ജെ.പി മേധാവിത്വം സ്ഥാപിച്ചെടുക്കുന്നുണ്ടെങ്കിലും അവർ നേരിടുന്ന പലവിധ പ്രശ്നങ്ങൾ കോൺഗ്രസിന് ഗുണകരമാണ്.
ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഭരണം മാറിമാറി വരുന്നതാണ് സംസ്ഥാനത്തെ പതിവെങ്കിലും, നല്ല നേതാക്കളുടെ ദാരിദ്ര്യം അടക്കം സംഘടനാപരമായ പ്രശ്നങ്ങളിലാണ് കോൺഗ്രസ്
മുഖ്യമന്ത്രിസ്ഥാനം ജയ്റാം ഠാകുറിന് വിട്ടുകൊടുക്കേണ്ടിവന്നതിലെ അതൃപ്തി പ്രേംകുമാർ ധുമാലിന്‍റെ മനസിസ്സിൽ കെട്ടടങ്ങാത്ത കനലായി നിൽക്കുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. അഴിമതി കേസിൽ 2020ൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ബിൻഡാലിന് രാജിവെക്കേണ്ടിവന്നു.
വലിയ വിവാദം ഉയർത്തിയ കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച സി.ബി.ഐ അന്വേഷണത്തിലുമാണ്. സർക്കാർ ഉദ്യോഗസ്ഥർ സംസ്ഥാനത്തെ സമ്മർദ ഗ്രൂപ്പാണെങ്കിൽ, പെൻഷൻ അടക്കമുള്ള വിഷയങ്ങളിൽ അവർ സമരത്തിലാണ്.
സംസ്ഥാനത്ത് നിയമസഭ സീറ്റുകൾ 68. ബി.ജെ.പിക്ക് എം.എൽ.എമാർ 45. കോൺഗ്രസിന് 22. ഒരു സീറ്റിൽ സി.പി.എം വിജയിച്ചു. 2017ൽ അധികാരം പിടിച്ച ബി.ജെ.പിക്ക് കിട്ടിയത് 48.8 ശതമാനം വോട്ട്
ഇതിൽനിന്നെല്ലാം പാർട്ടിയെ രക്ഷിച്ചെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രചാരണം നയിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി വിപുലീകരണം തുടങ്ങിയവയുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുതലേന്ന് മോദി ഹിമാചൽ പ്രദേശിൽ ഉണ്ടായിരുന്നു.
ധുമാലിന്‍റെ നീരസം അടക്കാൻ കേന്ദ്ര വാർത്താവിതരണ മന്ത്രിയായ മകൻ അനുരാഗ് ഠാകുറിനെ പ്രത്യേകം ശട്ടം കെട്ടിയിരിക്കുന്നു. ആപ് ആകട്ടെ, 68 സീറ്റിലും മത്സരിക്കുകയാണ്. യു.പി, ഉത്തരഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത് എന്നിവക്കൊപ്പം വാശിയോടെ സാധ്യതയുടെ കല പയറ്റുകയാണ് ഹിമാചലിൽ അരവിന്ദ് കെജ്രിവാളും സംഘവും.
പ്രതിച്ഛായാ നഷ്ടത്തെ അതിജീവിക്കേണ്ടിവരുമ്പോൾ തന്നെ, ആപ് ചോർത്തുന്ന വോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനും പരിക്കേൽപിക്കും. അതുകൊണ്ട് മത്സരം പ്രവചനാതീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.