മുംബൈ കേരള ഹൗസിന് ജപ്തി നോട്ടീസ്
text_fieldsമുംബൈ: നവി മുംബൈ വാഷിയിലുള്ള കേരള സർക്കാറിന്റെ കേരള ഹൗസിന് ജപ്തി നോട്ടീസ്. കേരള കരകൗശല വികസന കോർപറേഷൻ വിപണന കേന്ദ്രമായ കൈരളിയും സൊമാനി ഗ്രൂപ്പും തമ്മിൽ വാടക കുടിശ്ശികയെച്ചൊല്ലി 17 വർഷമായുള്ള തർക്കമാണ് ജപ്തി നോട്ടീസിലെത്തിയത്.
താണെ സിവിൽ കോടതിയാണ് ജപ്തി നോട്ടീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 24ന് നോട്ടീസ് അയച്ചിട്ടും കേരള സർക്കാർ പ്രതിനിധി കോടതിയിൽ ഹാജരായിരുന്നില്ല.
1998 മുതൽ 2006 വരെ സൊമാനി ഗ്രൂപ്പിന്റെ നരിമാൻ പോയന്റിലുള്ള കെട്ടിടത്തിലായിരുന്നു കൈരളി പ്രവർത്തിച്ചത്. പിന്നീട് പ്രദേശത്തെ അടിസ്ഥാന വാടക നിരക്ക് വർധിച്ചിട്ടും ’98ലെ കരാർ പ്രകാരമുള്ള വാടക നിരക്കാണ് കൈരളി കൊടുത്തുപോന്നത്. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കോടതിയിൽ എത്തിയത്.
നിലവിൽ 6.47 കോടി രൂപ കൈരളി നൽകാനുണ്ടെന്ന് സൊമാനി ഗ്രൂപ് അവകാശപ്പെടുന്നു. 2003ൽ ഇത് മൂന്നു കോടിയോളമായിരുന്നു. സമയാസമയം ഹാജരാകുന്നത് അടക്കം കോടതി നടപടികളെ കേരളം ഗൗരവത്തോടെ കണ്ടില്ലെന്ന് ആരോപണമുണ്ട്.
2009 മുതൽ കേരള ഹൗസിലാണ് കൈരളി പ്രവർത്തിക്കുന്നത്. കൈരളിയും കേരള സർക്കാറിന്റേതാണ് എന്നതിനാലാണ് കേരള ഹൗസിന് ജപ്തി നോട്ടീസ് നൽകിയത്. കേരള ഹൗസ് ടൂറിസം വകുപ്പിനും കൈരളി വ്യവസായ വകുപ്പിനും കീഴിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.